ലണ്ടന്‍: വിന്‍ഡ്സറിലെ റോയല്‍ ലോഡ്ജില്‍ വാടക നല്‍കാതെ താമസിച്ചിരുന്ന ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്-വിന്‍ഡ്സര്‍, അവിടത്തെ മൂന്ന് കോട്ടേജുകള്‍ മറിച്ചുവാടകയ്ക്ക് നല്കി പ്രതിമാസം 2,000 പൗണ്ട് വരെ നേടിയിരുന്നതായി റിപ്പോര്‍ട്ട്. പൊതുചെലവുകള്‍ പരിശോധിക്കുന്ന ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട താമസത്തിനിടെ കോട്ടേജുകളെല്ലാം തുടര്‍ച്ചയായി വാടകയ്ക്ക് നല്‍കിയിരുന്നില്ല. അതിനാല്‍ ആകെ ലഭിച്ച വരുമാനം കൃത്യമായി കണക്കാക്കാനാകില്ലെന്ന് സമിതി വ്യക്തമാക്കി. വാടകയിനത്തില്‍ ലഭിച്ച പണം സ്വത്തിന്റെ ഉടമസ്ഥരായ ക്രൗണ്‍ എസ്റ്റേറ്റിന് കൈമാറാതെ ആന്‍ഡ്രൂ തന്നെയാണ് കൈപ്പറ്റിയിരുന്നത്. ഭാവിയിലെ രാജകീയ സ്വത്തുക്കളുടെ വാടകക്കരാറുകളില്‍ മറിച്ചുവാടകയ്ക്ക് നല്‍കുന്നതിന് നിയന്ത്രണം വേണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. ഉടമയുടെ പ്രത്യേക അനുമതിയോടെ മാത്രമേ ഇത്തരം ഇടപാടുകള്‍ അനുവദിക്കാവൂ എന്നാണ് എംപിമാരുടെ നിലപാട്.
2003ലാണ് റോയല്‍ ലോഡ്ജിനായി ആന്‍ഡ്രൂ 75 വര്‍ഷത്തെ പാട്ടക്കരാര്‍ ഒപ്പിട്ടത്. കെട്ടിടത്തിന്റെ നവീകരണത്തിനും അനുബന്ധ ചെലവുകള്‍ക്കുമായി ഏകദേശം 75 ലക്ഷം പൗണ്ട് ചെലവഴിച്ചതിന്റെ അടിസ്ഥാനത്തിലാണ് പതിവ് വാടക നല്‍കേണ്ടതില്ലാത്ത വ്യവസ്ഥ ഉണ്ടായിരുന്നത്. അമേരിക്കന്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഈ വര്‍ഷം ഫെബ്രുവരിയില്‍ ആന്‍ഡ്രൂ റോയല്‍ ലോഡ്ജ് വിട്ടിരുന്നു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ക്രൗണ്‍ എസ്റ്റേറ്റിന്റെ പ്രവര്‍ത്തനവും രാജകീയ സ്വത്തുക്കളുടെ നടത്തിപ്പും പരിശോധിക്കുന്ന വിപുലമായ അന്വേഷണത്തിന്റെ ഭാഗമായാണ് സമിതി പാട്ടക്കരാറുകള്‍ വിലയിരുത്തിയത്.