Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0947 INR  1 EURO=106.3603 INR
ukmalayalampathram.com
Sat 13th Dec 2025
 
 
UK Special
  Add your Comment comment
റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍ അധ്യക്ഷയായി ഇന്ത്യന്‍ വംശജ
reporter

ലണ്ടന്‍: ലണ്ടനിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍(ആര്‍സിപി) 123മത് അധ്യക്ഷയായി ഡോ.മുംതാസ് പട്ടേലിനെ തെരഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള 40,000 അംഗങ്ങളുള്ള ഡോക്ടര്‍മാരുടെ കൂട്ടായ്മയുടെ തലപ്പത്തേക്കാണ് ഒരു ഇന്ത്യാക്കാരി നടന്ന് കയറിയിരിക്കുന്നത്. ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇന്ത്യന്‍ ദമ്പതിമാരുടെ മകളായി ഡോ.മുംതാസ് വടക്കന്‍ പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലാണ് ജനിച്ചത്. മാഞ്ചസ്റ്ററില്‍ നെഫ്രോളജിസ്റ്റായി പ്രവര്‍ത്തിച്ച് വരുന്നു. പതിനാറാം നൂറ്റാണ്ട് മുതല്‍ പ്രവര്‍ത്തിക്കുന്ന ആര്‍സിപിയുടെ ആദ്യ ഇന്തോ ഏഷ്യന്‍ മുസ്ലീം അധ്യക്ഷയാണ് ഡോ. മുംതാസ്. ഒപ്പം ഈ പദവിയിലെത്തുന്ന അഞ്ചാമത്തെ വനിതയും. തിങ്കളാഴ്ചയാണ് ഔദ്യോഗിക വോട്ടിങ് അവസാനിച്ചത്. മുംതാസിന്റെ നാല് വര്‍ഷ കാലാവധി എന്ന് തുടങ്ങുമെന്ന കാര്യം വ്യക്തമായിട്ടില്ല. എല്ലാ അംഗങ്ങളുടെയും പിന്തുണയോടെ ആര്‍സിപിയെ ഏറ്റവും മികച്ച സംഘടനയാക്കി മാറ്റുമെന്ന് ഡോ. മുംതാസ് പറഞ്ഞു. രോഗികള്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കുമെന്നും അവര്‍ വ്യക്തമാക്കി.

അഭിനിവേശം, പ്രതിബദ്ധത, സ്വപ്നങ്ങള്‍, മൂല്യാധിഷ്ഠിത സമീപനങ്ങള്‍ എന്നിവ ഇരുപത് വര്‍ഷമായി താന്‍ പ്രവര്‍ത്തിക്കുന്ന ആര്‍സിപിയില്‍ ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞു. 2024 ജൂണ്‍ മുതല്‍ ആര്‍സിപിയിലെ മുതിര്‍ന്ന സെന്‍സര്‍, വിദ്യാഭ്യാസ-പരിശീലന പരിപാടിയുടെ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ച് വരികയാണ്. അധ്യക്ഷ പദവിയിലേക്ക് എത്തിയതോടെ ഇവര്‍ ട്രസ്റ്റംഗവുമാകും. ആര്‍സിപി ഏറെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ഡോ.മുതാംസ് ഈ ചുമതല ഏറ്റെടുക്കുന്നതെന്നും അഖണ്ഡതയോടെയും ഐക്യത്തോടെയും സംഘടനയെ മുന്നോട്ട് നയിക്കാന്‍ അവര്‍ക്ക് ആകുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവും ഇല്ലെന്നും ആര്‍സിപി ട്രസ്റ്റ് അധ്യക്ഷ ഡോ.ഡയാന വാല്‍ഫോര്‍ഡ് സിബിഇ പറഞ്ഞു.

ആര്‍സിപിയുടെ ഈ ദീര്‍ഘകാല ചരിത്രത്തില്‍ ഡോ.മുംതാസിനൊപ്പം പ്രവര്‍ത്തിക്കാനായതിനെ താന്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും അവര്‍ പറഞ്ഞു. ട്രസ്റ്റ് ഡോ. മുംതാസിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഡോ. മുംതാസ് ബ്രിട്ടണിലും രാജ്യാന്തര തലത്തിലും വിവിധ വിദ്യാഭ്യാസ -നേതൃത്വ കോഴ്സുകളില്‍ പങ്കെടുത്തിട്ടുള്ള ആളാണ്. മികച്ച കിഡ്നി രോഗ വിദഗ്ദ്ധയുമാണ് അവര്‍. നിലവിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും ഡോക്ടര്‍മാര്‍ക്ക് മതിയായ പിന്തുണ നല്‍കാനും അവര്‍ക്കാകുമെന്ന പ്രതീക്ഷയും ആര്‍സിപി റസിഡന്റ് ഡോക്ടേഴ്സ് സമിതി സഹ അധ്യക്ഷരായ ഡോ. ആന്റണി മാര്‍ട്ടിനെല്ലിയും ഡോ. കാതറീന്‍ റൊവാനും പങ്കുവച്ചു.

 
Other News in this category

 
 




 
Close Window