ലണ്ടന്‍: യുകെയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓണ്‍ലൈനിലൂടെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇന്ത്യന്‍ യുവാവ് പിടിയില്‍. ഗുജറാത്ത് സ്വദേശിയായ പ്രണവ് ഭട്ട് എന്ന 27കാരനെയാണ് യുകെയിലെ പ്രാദേശിക പൗരന്മാരുടെ കൂട്ടായ്മയായ 'ബ്രിട്ടീഷ് പേട്രിയറ്റ്‌സ്' പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്ന് വര്‍ഷം മുമ്പ് സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തിയ പ്രണവ് ഭട്ട്, ലീഡ്‌സ് സര്‍വകലാശാലയിലെ പഠനത്തിന് ശേഷം പോസ്റ്റ് സ്റ്റഡി വിസയിലാണ് നിലവില്‍ അവിടെ താമസിച്ചിരുന്നത്. പതിനാലുകാരിയുമായി ഇയാള്‍ നടത്തിയതായി പറയപ്പെടുന്ന ഓണ്‍ലൈന്‍ ചാറ്റുകള്‍ പുറത്തുകൊണ്ടുവന്നതിനു പിന്നാലെ, സംഘാംഗങ്ങള്‍ ഇയാളെ നേരില്‍ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പെണ്‍കുട്ടിക്ക് 14 വയസ്സ് മാത്രമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ലൈംഗിക സ്വഭാവമുള്ള സന്ദേശങ്ങള്‍ അയച്ചതായി യുവാവ് വീഡിയോയില്‍ സമ്മതിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. പെണ്‍കുട്ടിയുടെ പ്രായം അറിഞ്ഞപ്പോള്‍ ''താന്‍ ജയിലില്‍ പോകും'' എന്ന രീതിയിലുള്ള സന്ദേശം അയച്ചിരുന്നതായും ആരോപണമുണ്ട്. പെണ്‍കുട്ടിയെ രഹസ്യമായി തന്റെ മുറിയിലേക്ക് വരാന്‍ പ്രേരിപ്പിച്ചതായും, ഹോട്ടല്‍ മുറി എടുക്കുന്നതിനായി പണം ആവശ്യപ്പെട്ടതായും സംഘാംഗങ്ങള്‍ ആരോപിച്ചു. പെണ്‍കുട്ടിയെ നേരില്‍ കാണാനെത്തിയപ്പോഴാണ് യുവാവ് സംഘത്തിന്റെ പിടിയിലായതെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടെ തനിക്ക് ഒരു അവസാന അവസരം നല്‍കണമെന്നും പോലീസിനെ അറിയിക്കരുതെന്നും യുവാവ് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം. യുകെയില്‍ ഓണ്‍ലൈനിലൂടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചതിയില്‍പ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ യുവാക്കള്‍ പിടിയിലാകുന്ന രണ്ടാമത്തെ സംഭവമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ജനുവരിയില്‍ കോവെന്‍ട്രിയില്‍ സമാനമായ കേസില്‍ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും പിടിയിലായിരുന്നു.