Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1156 INR  1 EURO=111.6695 INR
ukmalayalampathram.com
Thu 04th Jun 2026
 
 
UK Special
  Add your Comment comment
ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ടി20 മത്സരം: ടോണ്ടണ്‍ മൈതാനത്ത് ചെണ്ടമേളവുമായി മലയാളി സാന്നിധ്യം
reporter

സോമര്‍സെറ്റ്: ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇംഗ്ലണ്ടില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ടി20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ട് പരമ്പര കൈവിട്ടെങ്കിലും, സോമര്‍സെറ്റിലെ ടോണ്ടണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക സാന്നിധ്യം ശ്രദ്ധേയമായി. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ പാരമ്പര്യ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ സംഘാടകര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. ടോണ്ടണിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്ന നൃത്താവതരണവും ചെണ്ടമേളവും സ്റ്റേഡിയത്തിലെത്തിയ ആയിരക്കണക്കിന് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. റംഗോളി റിതംസ് അവതരിപ്പിച്ച നൃത്തപരിപാടിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ശാലിനി, താര, തന്‍സീല, ശിവാനി, ആന്‍, വര്‍ഷ, അനബെല്‍, റിതിക, നിതിക, അനാമിക എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച നൃത്തം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നിറങ്ങളും ആവേശവും മൈതാനത്ത് പകര്‍ത്തി.

തുടര്‍ന്ന് ടോണ്ടണ്‍ ബീറ്റ്‌സ് സംഘത്തിന്റെ ചെണ്ടമേളം അരങ്ങേറി. അഞ്ച് വലംതല, അഞ്ച് ഇലത്താളം, പതിനഞ്ച് ചെണ്ട എന്നിവയുടെ അകമ്പടിയോടെയായിരുന്നു അവതരണം. പ്രദീപ്, ദീപു, അമല്‍, റനീഷ്, ജെഫിന്‍, റൗഫ്, ബിന്‍സ്, ലിന്റോ, ഡിബിന്‍, ഷിജോ, മോബിന്‍, അനില്‍, ജിബിന്‍, അഭി, അനന്ദു, ജെറി, ജോയല്‍, മെറിന്‍, അഞ്ജന, രമ്യ, ജിന്നി, സ്‌നേഹ, ദേവന്‍, ഹിന്റോ, സോബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചെണ്ടമേളം നയിച്ചത്.

മത്സരം ആരംഭിക്കുന്നതിന് മുന്‍പ് ഗ്രൗണ്ടില്‍ മുഴങ്ങിയ ചെണ്ടയുടെ താളങ്ങള്‍ കാണികളെ ആവേശത്തിലാഴ്ത്തി. പിന്നീട് മത്സരം പുരോഗമിക്കവേ ഗാലറിയില്‍ നിന്നുള്ള മലയാളി സംഘത്തിന്റെ ചെണ്ടമേളവും ശ്രദ്ധേയമായി. ടെലിവിഷന്‍ സംപ്രേഷണങ്ങളിലൂടെയും സ്‌പോര്‍ട്‌സ് ചാനലുകളിലൂടെയും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടമേളത്തിന്റെ ദൃശ്യങ്ങളും ശബ്ദവും അനുഭവിക്കാനായി. ഇംഗ്ലണ്ടിലെ ഒരു രാജ്യാന്തര വനിതാ ക്രിക്കറ്റ് മത്സരവേദിയില്‍ കേരളത്തിന്റെ കലാപാരമ്പര്യം മുഴങ്ങിയ നിമിഷം മലയാളികള്‍ക്ക് അഭിമാനമായി.

അതേസമയം, മൈതാനത്ത് നടന്ന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടാണ് വിജയിച്ചത്. ആറു വിക്കറ്റിന്റെ ജയത്തോടെ ഇംഗ്ലണ്ട് പരമ്പര 2-1ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. നായിക ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്നപ്പോള്‍ ദീപ്തി ശര്‍മ്മയും നിര്‍ണായക സംഭാവന നല്‍കി. 181 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും ആലിസ് കാപ്സിയും ഹീത്തര്‍ നൈറ്റും ചേര്‍ന്ന് മത്സരം കൈപ്പിടിയിലാക്കി. 50 പന്തില്‍ 82 റണ്‍സ് നേടിയ ആലിസ് കാപ്സിയുടെ ആക്രമണാത്മക ഇന്നിങ്സും പുറത്താകാതെ 70 റണ്‍സ് നേടിയ ഹീത്തര്‍ നൈറ്റിന്റെ പ്രകടനവും ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായി. ഇരുവരും ചേര്‍ന്ന് നേടിയ 129 റണ്‍സിന്റെ കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. 18.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. ഇന്ത്യയ്ക്ക് മത്സരം നഷ്ടമായെങ്കിലും ടോണ്ടണ്‍ മൈതാനത്ത് മുഴങ്ങിയ ചെണ്ടയുടെ താളവും മലയാളി സമൂഹത്തിന്റെ ആവേശകരമായ പങ്കാളിത്തവും ആ ദിനത്തെ വേറിട്ട അനുഭവമാക്കി. ലോകകപ്പിലേക്ക് ഒരുങ്ങുന്ന വനിതാ ക്രിക്കറ്റിന്റെ വേദിയില്‍ കേരളത്തിന്റെ കലാപാരമ്പര്യവും ഇടംപിടിച്ച ദിവസം കൂടിയായി ഇത് മാറി.

 
Other News in this category

 
 




 
Close Window