Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
UK Special
  Add your Comment comment
ബര്‍മിങ്ങാമില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു; അനുശോചനവുമായി വിദ്യാര്‍ഥി സമൂഹം
reporter

ബര്‍മിങ്ങാം: ബ്രിട്ടനിലെ ബര്‍മിങ്ങാമില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു. ആസ്റ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയും ആസ്റ്റണ്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ വനിതാ ഓഫീസറുമായിരുന്ന അനിഷ ചക്രബര്‍ത്തി (28) ആണ് മരിച്ചത്. മേയ് 30ന് പുലര്‍ച്ചെ ബര്‍മിങ്ങാമിലെ ഡാര്‍ട്ട്മത്ത് മിഡില്‍വേയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അതിവേഗത്തില്‍ എത്തിയ വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അനിഷയ്ക്ക് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് 22 വയസ്സുകാരനായ യുവാവിനെ വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പൊലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ ഡ്രൈവിംഗ്, മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ വാഹനം ഓടിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് അന്വേഷണത്തില്‍ പരിശോധിക്കുന്നത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

അനിഷയുടെ നിര്യാണത്തില്‍ ആസ്റ്റണ്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ അനുശോചനം രേഖപ്പെടുത്തി. 2024-25 അധ്യയന വര്‍ഷത്തില്‍ വനിതാ ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന അനിഷ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി ശക്തമായി നിലകൊണ്ട വ്യക്തിയായിരുന്നു എന്ന് യൂണിയന്‍ അനുസ്മരിച്ചു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായതോടൊപ്പം Aston Student Event Team (ASET)-ലെ സന്നദ്ധ പ്രവര്‍ത്തകയായും വെല്‍ഫെയര്‍ കമ്മിറ്റി അംഗമായും അവര്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

അനിഷയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി സുഹൃത്തുക്കളും സഹപാഠികളും അവര്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന സ്ഥാപനവും ചേര്‍ന്ന് ധനശേഖരണം ആരംഭിച്ചിട്ടുണ്ട്. GoFundMe പ്ലാറ്റ്‌ഫോം വഴി ഇതുവരെ 18,535 പൗണ്ട് സമാഹരിച്ചിട്ടുണ്ടെന്നാണ് വിവരം. 27,000 പൗണ്ടാണ് ലക്ഷ്യം. മൃതദേഹം നാട്ടിലെത്തിക്കല്‍, അനുബന്ധ ചെലവുകള്‍, കുടുംബ സഹായം എന്നിവയ്ക്കായാണ് തുക വിനിയോഗിക്കുക. ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളുമായി വിദേശത്തെത്തിയ യുവതിയുടെ അപ്രതീക്ഷിത വേര്‍പാട് ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ഥി സമൂഹത്തെയും ആസ്റ്റണ്‍ സര്‍വകലാശാലയെയും ദുഃഖത്തിലാഴ്ത്തി.

 

 
Other News in this category

 
 




 
Close Window