Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരിപാടിക്കിടെ പ്രതിഷേധം; അപലപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍
reporter

ലണ്ടനില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത പൊതുപരിപാടിക്കിടെ പ്രതിഷേധം. ബിര്‍ക്ബെക്ക് കോളജില്‍ ''ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അന്താരാഷ്ട്ര നിയമവും'' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിന് ശേഷമുള്ള ചോദ്യോത്തര വേളയിലാണ് സദസ്സില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നത്. സംഭവത്തെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ശക്തമായി അപലപിച്ചു. ഇന്ത്യയിലെ ജനാധിപത്യാവസ്ഥയെക്കുറിച്ചും വിയോജിപ്പുകളോടുള്ള ഭരണകൂടത്തിന്റെ സമീപനത്തെക്കുറിച്ചും ഒരാള്‍ ചോദ്യം ഉന്നയിക്കാന്‍ ശ്രമിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലത്തിലും വിയോജിപ്പുകളോടുള്ള ശത്രുതയെക്കുറിച്ച് ആശങ്കകള്‍ ഉയരുന്നുണ്ടെന്നായിരുന്നു ചോദ്യമുയര്‍ത്തിയ വ്യക്തിയുടെ നിലപാട്.

ഇതോടൊപ്പം, ഇന്ത്യയില്‍ തൊഴില്‍രഹിതരായ യുവാക്കളെക്കുറിച്ച് ചീഫ് ജസ്റ്റിസ് നടത്തിയതായി പറയപ്പെടുന്ന വിവാദ പരാമര്‍ശത്തെക്കുറിച്ചും സദസ്സില്‍ നിന്ന് ചോദ്യമുയര്‍ന്നു. എന്നാല്‍ പരിപാടിയുടെ വിഷയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അന്താരാഷ്ട്ര നിയമവുമാണെന്ന് വ്യക്തമാക്കി മോഡറേറ്റര്‍ ഇടപെട്ടു. വിഷയത്തിന് പുറത്തുള്ള ചോദ്യങ്ങള്‍ അനുവദിക്കാനാകില്ലെന്ന് മോഡറേറ്റര്‍ പറഞ്ഞതോടെ സദസ്സില്‍ വാക്കേറ്റവും പ്രതിഷേധവും ഉണ്ടായി.

ചിലര്‍ എഴുന്നേറ്റ് നിന്ന് ഉച്ചത്തില്‍ പ്രതികരിച്ചതോടെ സംഘാടകര്‍ ഇടപെട്ട് സദസ്സിനോട് ശാന്തത പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചു. പ്രഭാഷണത്തിനു ശേഷം സജീവമായ അക്കാദമിക് ചര്‍ച്ചയാണ് നടന്നതെന്നും എന്നാല്‍ ഒരു വ്യക്തി പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് പദവിയുടെ അന്തസ്സിനെയും അക്കാദമിക്-നിയമ വേദികളുടെ ഗൗരവത്തെയും ബാധിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ഉണ്ടായതെന്നും ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. അഭിപ്രായവ്യത്യാസങ്ങള്‍ ജനാധിപത്യ സമൂഹത്തിന്റെ ഭാഗമാണെങ്കിലും, അവ പ്രകടിപ്പിക്കേണ്ടത് മാന്യവും സഭ്യവുമായ രീതിയിലായിരിക്കണമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

 
Other News in this category

 
 




 
Close Window