മാഞ്ചസ്റ്റര്‍: സാല്‍ഫോര്‍ഡില്‍ 2003ല്‍ നടന്ന പീഡനക്കേസില്‍ നിരപരാധിയായ ആന്‍ഡ്രൂ മാല്‍ക്കിന്‍സണ്‍ 17 വര്‍ഷത്തിലേറെ ജയിലില്‍ കഴിയേണ്ടിവന്ന സംഭവത്തില്‍ യഥാര്‍ഥ പ്രതിയായ പോള്‍ ക്വിന്നിനെ ശിക്ഷിച്ചതിന് പിന്നാലെ രൂക്ഷവിമര്‍ശനം. ക്വിന്നിന് കോടതി 24 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചെങ്കിലും 14 വര്‍ഷത്തിന് ശേഷം പരോളിന് അര്‍ഹത നേടാമെന്ന സാഹചര്യത്തെയാണ് മാല്‍ക്കിന്‍സണ്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. 2003 ജൂലൈ 19ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന 30 വയസ്സുള്ള യുവതിയെ പോള്‍ ക്വിന്‍ പിന്തുടര്‍ന്ന് റോഡില്‍ നിന്ന് വലിച്ചിഴച്ച് മോട്ടര്‍വേയുടെ അരികിലേക്ക് കൊണ്ടുപോയി ക്രൂരമായി ആക്രമിക്കുകയായിരുന്നു. മര്‍ദനത്തില്‍ യുവതിയുടെ കവിളെല്ല് പൊട്ടുകയും പിന്നീട് കഴുത്തുഞെരിച്ച് ബോധരഹിതയാക്കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു.
സംഭവത്തിനു പിന്നാലെ നടന്ന അന്വേഷണത്തിലാണ് സുരക്ഷാ ജീവനക്കാരനായിരുന്ന ആന്‍ഡ്രൂ മാല്‍ക്കിന്‍സണ്‍ പ്രതിയാക്കപ്പെട്ടത്. തിരിച്ചറിയല്‍ പരേഡില്‍ യുവതി മാല്‍ക്കിന്‍സണിനെ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് 2004ല്‍ അദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തുടക്കം മുതല്‍ തന്നെ താന്‍ നിരപരാധിയാണെന്ന് മാല്‍ക്കിന്‍സണ്‍ ആവര്‍ത്തിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ നിരവധി അപ്പീലുകള്‍ പരാജയപ്പെട്ടു. ഒടുവില്‍ 2020ല്‍ ജയിലില്‍ നിന്ന് മോചിതനായ അദ്ദേഹം 2023ലാണ് പൂര്‍ണ്ണമായി കുറ്റവിമുക്തനാക്കപ്പെട്ടത്. വര്‍ഷങ്ങള്‍ക്കുശേഷം യുവതിയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ച ഉമിനീര്‍ സാംപിള്‍ വീണ്ടും പരിശോധിച്ചതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. ഡിഎന്‍എ പരിശോധനയില്‍ പോള്‍ ക്വിന്നാണ് യഥാര്‍ഥ പ്രതിയെന്ന് തെളിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഡിഎന്‍എ സാംപിളുകള്‍ പൊലീസ് എത്രകാലം സൂക്ഷിക്കുമെന്ന കാര്യം ക്വിന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
''എന്നെപ്പോലെ ഒരു നിരപരാധിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും 17 വര്‍ഷത്തിലേറെ ജയിലില്‍ കഴിയേണ്ടിവരികയും ചെയ്തു. എന്നാല്‍ യഥാര്‍ഥ കുറ്റവാളിക്ക് അതിലും മൃദുവായ ശിക്ഷ ലഭിക്കുന്നത് അപമാനകരമാണ്. രണ്ട് പതിറ്റാണ്ടോളം ഞാന്‍ അനുഭവിച്ച ദുരിതത്തിന് ഇതല്ല നീതി,'' മാല്‍ക്കിന്‍സണ്‍ പ്രതികരിച്ചു. മാല്‍ക്കിന്‍സണിന്റെ തെറ്റായ ശിക്ഷയ്ക്ക് കാരണമായ അന്വേഷണ-നീതിന്യായ സംവിധാനത്തിലെ വീഴ്ചകളെക്കുറിച്ച് പൊതു അന്വേഷണം തുടരുകയാണ്. നിരവധി മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഒരു നിലവിലെ ഉദ്യോഗസ്ഥനും അന്വേഷണ വിധേയരാണ്. പോള്‍ ക്വിന്‍ മറ്റ് ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് പരിശോധിക്കുന്നു. 20 വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ യഥാര്‍ഥ പ്രതി ജയിലിലെത്തിയെങ്കിലും, നിരപരാധിയായി 17 വര്‍ഷം ജയിലില്‍ കഴിഞ്ഞ മാല്‍ക്കിന്‍സണിന് നഷ്ടപ്പെട്ട ജീവിതകാലം തിരിച്ചുകിട്ടാനാവില്ലെന്നതാണ് ഈ കേസിലെ ഏറ്റവും വലിയ ദുരന്തം.