ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ രോഗനിര്‍ണയ പരിശോധനകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. അള്‍ട്രാസൗണ്ട്, എംആര്‍ഐ, സിടി സ്‌കാന്‍, കേള്‍വിശേഷി പരിശോധന, എന്‍ഡോസ്‌കോപ്പി, കാന്‍സര്‍ പരിശോധനകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഡയഗ്നോസ്റ്റിക് പരിശോധനകള്‍ക്കായി 19.2 ലക്ഷം പേരാണ് കാത്തിരിക്കുന്നത്. ആരോഗ്യ സാങ്കേതിക സ്ഥാപനമായ മാഗ്‌നെറ്റ്‌സ് നടത്തിയ പഠനത്തിലാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്. മാര്‍ച്ച് 2026 വരെയുള്ള കണക്കുകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ നാലു ലക്ഷത്തിലേറെ പേര്‍ എന്‍എച്ച്എസിന്റെ ആറാഴ്ചയ്ക്കുള്ള പരിശോധനാ മാനദണ്ഡം മറികടന്ന് കാത്തിരിക്കുകയാണ്. കോവിഡ് മഹാമാരിക്ക് മുമ്പുള്ള നിലയേക്കാള്‍ 83 ശതമാനം കൂടുതലാണ് നിലവിലെ കാത്തിരിപ്പ് പട്ടിക. 2022 മുതല്‍ മാത്രം പട്ടികയില്‍ ഏകദേശം അഞ്ചു ലക്ഷത്തോളം പേരുടെ വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അള്‍ട്രാസൗണ്ട് പരിശോധനയ്ക്കായി ഏകദേശം 6.74 ലക്ഷം പേരും എംആര്‍ഐ സ്‌കാനിനായി 3.95 ലക്ഷം പേരും സിടി സ്‌കാനിനായി 2.07 ലക്ഷം പേരും കാത്തിരിക്കുന്നുണ്ട്. അതേസമയം, മാര്‍ച്ച് മാസത്തില്‍ മാത്രം എന്‍എച്ച്എസ് 26.1 ലക്ഷം പരിശോധനകളും സ്‌കാനുകളും നടത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പരിശോധനകളുടെ എണ്ണം റെക്കോര്‍ഡ് നിലയില്‍ ഉയര്‍ന്നിട്ടും ആവശ്യകത അതിനേക്കാള്‍ വേഗത്തില്‍ ഉയരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
രോഗനിര്‍ണയം വൈകുന്നത് ചികിത്സ വൈകാന്‍ ഇടയാക്കുമെന്നതാണ് പ്രധാന ആശങ്ക. പ്രത്യേകിച്ച് കാന്‍സര്‍, ഹൃദ്രോഗം പോലുള്ള ഗുരുതര രോഗങ്ങളില്‍ നേരത്തെയുള്ള പരിശോധനയും രോഗനിര്‍ണയവും നിര്‍ണായകമാണ്. ദീര്‍ഘകാല കാത്തിരിപ്പ് രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദവും ആശങ്കയും വര്‍ധിപ്പിക്കുന്നതായി രോഗി സംഘടനകളും ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.99 കോടി ഡയഗ്നോസ്റ്റിക് നടപടിക്രമങ്ങള്‍ നടത്തിയതായും രാജ്യത്താകെ പ്രവര്‍ത്തിക്കുന്ന 170 കമ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകള്‍ പരിശോധനാ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ടെന്നും എന്‍എച്ച്എസ് അറിയിച്ചു. എന്നാല്‍, വയോജനങ്ങളുടെ വര്‍ധന, ദീര്‍ഘകാല രോഗങ്ങള്‍, നേരത്തെയുള്ള രോഗനിര്‍ണയത്തിനുള്ള ആവശ്യകത എന്നിവ ഉയര്‍ന്നതോടെ നിലവിലെ ശേഷി മതിയാകുന്നില്ലെന്നതാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.