Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4522 INR  1 EURO=110.8402 INR
ukmalayalampathram.com
Fri 12th Jun 2026
 
 
UK Special
  Add your Comment comment
വാട്ടര്‍ഫോര്‍ഡില്‍ ജോഗിങിനിറങ്ങിയ മലയാളി യുവാവിന് നേരെ ക്രൂരാക്രമണം; ഗാര്‍ഡ അന്വേഷണം തുടങ്ങി
reporter

ഡബ്ലിന്‍/വാട്ടര്‍ഫോര്‍ഡ്: അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് നഗരത്തില്‍ ജോഗിങിനിറങ്ങിയ മലയാളി യുവാവിന് നേരെ അജ്ഞാതരുടെ ക്രൂരാക്രമണം. എന്‍ജിനീയറായി ജോലി ചെയ്യുന്ന യുവാവിനെയാണ് തിങ്കളാഴ്ച വൈകുന്നേരം സെന്റ് ജോണ്‍സ് റിവര്‍ വോക്കിന് സമീപം രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ചതെന്നാണ് വിവരം. ഗാര്‍ഡയുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം വൈകിട്ട് 6.35നും 6.55നും ഇടയിലാണ് സംഭവം നടന്നത്. ജോഗിങിനിടെ യുവാവിനെ സമീപിച്ച രണ്ട് അജ്ഞാതര്‍ ആദ്യം ചില ചോദ്യങ്ങള്‍ ചോദിക്കുകയും തുടര്‍ന്ന് മര്‍ദനം ആരംഭിക്കുകയുമായിരുന്നു. കുത്തിയും ചവിട്ടിയും ആക്രമിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ കൈകള്‍ക്കും തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കും പരിക്കേറ്റു.

ആശുപത്രിയില്‍ ചികിത്സയില്‍

പരുക്കേറ്റ യുവാവിനെ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകള്‍ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് ലഭ്യമായ വിവരം. ആംബുലന്‍സ് എത്താന്‍ ഏകദേശം 40 മിനിറ്റോളം വൈകിയെന്നും, ആക്രമണത്തിന് ശേഷം യുവാവിനെ കണ്ട ഒരു ഐറിഷ് വനിതയാണ് ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചതെന്നും വിവരങ്ങള്‍ പുറത്തുവരുന്നു. സംഭവവിവരം അറിഞ്ഞതിനെ തുടര്‍ന്ന് യുവാവിന്റെ സുഹൃത്തുക്കള്‍ ഡബ്ലിനില്‍ നിന്ന് വാട്ടര്‍ഫോര്‍ഡിലെത്തി ആശുപത്രിയില്‍ ഒപ്പമുണ്ട്. ഡോക്ടര്‍മാരുമായും ഗാര്‍ഡ അധികൃതരുമായും സുഹൃത്തുക്കള്‍ ആശയവിനിമയം നടത്തിയതായാണ് വിവരം. ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും സുഹൃത്തുക്കള്‍ അറിയിച്ചു.

ആക്രമികളെ തേടി അന്വേഷണം

സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. ആക്രമികള്‍ ഇരുപതുകളുടെ അവസാന പ്രായത്തിലുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായും, ഒരാള്‍ക്ക് തവിട്ടുനിറമുള്ള മുടിയും താടിയും ഉണ്ടായിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ഉള്ളവര്‍ വാട്ടര്‍ഫോര്‍ഡ് ഗാര്‍ഡ സ്റ്റേഷനിലെ ക്രൈം യൂണിറ്റുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

മലയാളി സമൂഹം ജാഗ്രത നിര്‍ദേശിച്ചു

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കില്ബാരി പാര്‍ക്ക്, പീപ്പിള്‍സ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഒറ്റയ്ക്ക് വ്യായാമത്തിനോ ജോഗിങിനോ പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പ്രദേശത്തെ മലയാളി സമൂഹം ഓര്‍മിപ്പിച്ചു. സാഹചര്യം വഷളാകാന്‍ ഇടയുള്ള തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും അവര്‍ നിര്‍ദേശിച്ചു.

 
Other News in this category

 
 




 
Close Window