Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ബെല്‍ഫാസ്റ്റില്‍ ക്രൂരാക്രമണം: വര്‍ഷങ്ങള്‍ക്ക് മുമ്പ് തീകൊളുത്തല്‍ ആക്രമണം അതിജീവിച്ച സ്റ്റീഫന്‍ ഒഗില്‍വി വീണ്ടും ഗുരുതരാവസ്ഥയില്‍
reporter

ബെല്‍ഫാസ്റ്റ്: നോര്‍ത്ത് അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ നടുറോഡില്‍ കുത്തേറ്റു ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന സ്റ്റീഫന്‍ ഒഗില്‍വി എന്ന 44കാരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പും ക്രൂരമായ ആക്രമണം അതിജീവിച്ച വ്യക്തിയാണെന്ന് റിപ്പോര്‍ട്ട്. തലയിലും മുഖത്തും പുറകിലും ആഴത്തില്‍ മുറിവേറ്റ ഒഗില്‍വി ബെല്‍ഫാസ്റ്റിലെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഒരു കണ്ണ് പൂര്‍ണമായും തകരുകയും മറ്റേ കണ്ണിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം.

2001-ല്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

2001-ല്‍ സ്‌കോട്ട്ലന്‍ഡിലെ വെസ്റ്റ് ലോധിയനിലുള്ള ലിവിങ്സ്റ്റണിലെ ഒരു ഫ്‌ലാറ്റില്‍ വച്ചാണ് സ്റ്റീഫന്‍ ഒഗില്‍വി ആദ്യമായി അതിക്രൂരമായ ആക്രമണത്തിന് ഇരയായത്. ഡേവിഡ് മക്ലീവ് എന്നയാളും സംഘവും ഒഗില്‍വിക്ക് ജിഎച്ച്ബി എന്ന ലഹരിമരുന്ന് നല്‍കി ബോധരഹിതനാക്കിയ ശേഷം, വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ശരീരത്തില്‍ ആഫ്റ്റര്‍ ഷേവ് ലോഷന്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശരീരമാകെ തീ പടര്‍ന്ന വേദനയിലാണ് അന്ന് ഒഗില്‍വി ഉണര്‍ന്നത്. ഈ ക്രൂരത അക്രമികള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. അന്നത്തെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഒഗില്‍വി പിന്നീട് ബെല്‍ഫാസ്റ്റിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, അക്രമിയുടെ കൂട്ടാളികള്‍ അദ്ദേഹത്തെ കാറില്‍ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആ കേസില്‍ പ്രധാന പ്രതിക്ക് 14 വര്‍ഷത്തെ തടവും മറ്റ് കൂട്ടാളികള്‍ക്ക് വിവിധ കാലാവധികളിലായുള്ള തടവുശിക്ഷയും ലഭിച്ചിരുന്നു.

ബെല്‍ഫാസ്റ്റ് ആക്രമണക്കേസില്‍ പ്രതിക്ക് ജാമ്യം നിഷേധിച്ചു

തിങ്കളാഴ്ച രാത്രി ബെല്‍ഫാസ്റ്റിലെ കിന്നൈര്‍ഡ് അവന്യൂവില്‍ ഒഗില്‍വിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഹാദി അലോദിദ് എന്ന 30കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം, മാരകായുധം കൈവശംവെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയപ്പോള്‍, ''ഞാന്‍ ഒരാളെ കൊന്നു; അയാള്‍ മരിച്ചോ എന്ന് അറിയില്ല'' എന്ന് പ്രതി പറഞ്ഞതായി പൊലീസ് കോടതിയെ അറിയിച്ചു. നേരത്തെ ചികിത്സയിലിരിക്കെ ഒരു വനിതാ എന്‍എച്ച്എസ് റേഡിയോഗ്രാഫറെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസ് ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ബുധനാഴ്ച ബെല്‍ഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രതിയെ ഹാജരാക്കിയത്. അറബിക് പരിഭാഷകന്റെ സഹായത്തോടെയാണ് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചത്. തനിക്ക് അഭിഭാഷക സഹായം ആവശ്യമില്ലെന്ന് വ്യക്തമാക്കിയ പ്രതി ജാമ്യത്തിനായി അപേക്ഷിച്ചെങ്കിലും, പുറത്തുവിട്ടാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും വിദേശ ബന്ധങ്ങളുള്ളതിനാല്‍ രക്ഷപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിച്ചു. പ്രതിയെ ജൂലൈ 8 വരെ റിമാന്‍ഡ് ചെയ്തു.

സംഭവത്തിന് പിന്നാലെ ബെല്‍ഫാസ്റ്റില്‍ സംഘര്‍ഷം

കുത്തേറ്റ സംഭവത്തിന്റെ വിവരം പുറത്തുവന്നതോടെ ബെല്‍ഫാസ്റ്റില്‍ പ്രതിഷേധങ്ങളും അക്രമങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഈസ്റ്റ് ബെല്‍ഫാസ്റ്റില്‍ പ്രതിഷേധക്കാര്‍ ട്രാന്‍സ്ലിങ്കിന്റെ 'ഗ്ലൈഡര്‍' ബസിന് തീ കൊളുത്തി. ഈ ബസ് ഓടിച്ചിരുന്നത് മലയാളിയാണെന്നാണ് വിവരം. സുരക്ഷാ കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നഗരത്തിലെ ചില കാറുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തീയിട്ടു. സംഘര്‍ഷങ്ങളില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബുധനാഴ്ചയും പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ഉണ്ടായതോടെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ബെല്‍ഫാസ്റ്റിലെ ബസ്, റെയില്‍ സര്‍വീസുകള്‍ ട്രാന്‍സ്ലിങ്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മുന്‍കൂട്ടി മുന്നറിയിപ്പില്ലാതെ പൊതുഗതാഗതം നിര്‍ത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കി. നിരവധി സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും ഉച്ചയോടെ അടച്ചു.

ഷാം സൂപ്പര്‍മാര്‍ക്കറ്റിന് വീണ്ടും തീയിട്ടു

ബെല്‍ഫാസ്റ്റിലെ ഡൊണെഗല്‍ റോഡിലുള്ള ഷാം സൂപ്പര്‍മാര്‍ക്കറ്റിനും അക്രമികള്‍ തീയിട്ടു. അറബിക് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ഈ കടയ്ക്കു നേരെ 2024ലും ആക്രമണം നടന്നിരുന്നു. തുടര്‍ന്ന് അടച്ചിട്ടിരുന്ന കട ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വീണ്ടും തുറന്നത്. ഇതിനിടെയാണ് വീണ്ടും തീകൊളുത്തി നശിപ്പിച്ചത്.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കുടുംബം

സ്റ്റീഫന്‍ ഒഗില്‍വി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. അദ്ദേഹം മരിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇത്തരം വ്യാജപ്രചാരണങ്ങള്‍ കുടുംബത്തിന് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും ബന്ധുക്കള്‍ അറിയിച്ചു. നഗരത്തില്‍ നടക്കുന്ന അക്രമസംഭവങ്ങളെ ഒഗില്‍വിയുടെ കുടുംബം അപലപിച്ചു. ഒഗില്‍വിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച നാട്ടുകാര്‍ക്കും അടിയന്തര സേവന പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ നന്ദി രേഖപ്പെടുത്തി.

 
Other News in this category

 
 




 
Close Window