ലണ്ടന്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ കത്തി ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ അധ്യാപകന് കുത്തേറ്റു. ബ്ലാക്ക്ലിയിലെ കോ-ഓപ്പ് അക്കാദമി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശാസ്ത്രാധ്യാപകനായ മയ്സും അബ്ദുള്ളയ്ക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ 14 വയസ്സുകാരായ രണ്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 14 വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ക്ലാസുകള്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. പ്ലാന്റ് ഹില്‍ റോഡിലുള്ള സ്കൂളില്‍ വിദ്യാര്‍ഥിനി കത്തിയുമായി എത്തി സഹപാഠികളെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണം ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ മയ്സും അബ്ദുള്ള മുന്നോട്ടെത്തുകയായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് കയ്യിലും കഴുത്തിലും കുത്തേറ്റത്.
സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ഉടന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റ് അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് വിദ്യാര്‍ഥിനിയെ കീഴ്പ്പെടുത്തി പിടിച്ചുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ അധ്യാപകനെയും രണ്ട് വിദ്യാര്‍ഥികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം മൂന്നുപേരെയും ഡിസ്ചാര്‍ജ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ആശുപത്രി വിട്ടെങ്കിലും ഇപ്പോഴും കടുത്ത വേദന അനുഭവിക്കുന്നുണ്ടെന്ന് മയ്സും അബ്ദുള്ള പ്രതികരിച്ചു. നിലവിലെ മാനസികാവസ്ഥയില്‍ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭര്‍ത്താവിനെ കുത്തേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വിവരം അറിഞ്ഞത് ജീവിതത്തിലെ ഏറ്റവും ഭയാനക നിമിഷമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ സമിയ അബ്ദുള്ള സമൂഹമാധ്യമത്തില്‍ കുറിച്ചു.
സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും മയ്സും അബ്ദുള്ളയുടെ ധീരമായ ഇടപെടലിനെ അഭിനന്ദിച്ചു. അറസ്റ്റിലായ വിദ്യാര്‍ഥിനിയെ ആദ്യം മാനസികാരോഗ്യ നിയമപ്രകാരം വിദഗ്ധരുടെ നിരീക്ഷണത്തിലാക്കിയിരുന്നു. പിന്നീട് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് കൊലപാതകശ്രമക്കുറ്റങ്ങളും സ്കൂള്‍ പരിസരത്ത് കത്തി കൈവശം വച്ചതിന് രണ്ട് കുറ്റങ്ങളും ചുമത്തി. കേസില്‍ അന്വേഷണം തുടരുകയാണ്. കൗണ്ടര്‍ ടെററിസം പൊലീസ് നോര്‍ത്ത് വെസ്റ്റിന്റെ നേതൃത്വത്തില്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസുമായി ചേര്‍ന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. 2024 സെപ്റ്റംബറിലാണ് മയ്സും അബ്ദുള്ള കോ-ഓപ്പ് അക്കാദമി ഹയറില്‍ ശാസ്ത്രാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. അതിനു മുമ്പ് ബ്രാഡ്ഫോര്‍ഡ് സര്‍വകലാശാലയില്‍ ക്ലിനിക്കല്‍ സയന്‍സ് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഹെക്മണ്ഡ്വൈക്ക് ഗ്രാമര്‍ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയുമാണ്.