Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 02nd Nov 2026
 
 
UK Special
  Add your Comment comment
അടിമക്കച്ചവടത്തില്‍ മാപ്പുപറയുന്നത് പരിഗണിക്കുമെന്ന് ബ്രിട്ടന്‍; നഷ്ടപരിഹാരം തള്ളി പ്രധാനമന്ത്രി
reporter

ലണ്ടന്‍: അറ്റ്‌ലാന്റിക് സമുദ്രാന്തര അടിമക്കച്ചവടത്തില്‍ ബ്രിട്ടന്‍ വഹിച്ച പങ്കിന് ഔദ്യോഗികമായി മാപ്പുപറയുന്നത് പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. ആഫ്രിക്കന്‍, കരീബിയന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സാമ്പത്തിക നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നാണ് നിലപാട്. ബ്രിട്ടന്റെ കൊളോണിയല്‍ ചരിത്രത്തെ അംഗീകരിക്കുന്നത് കോമണ്‍വെല്‍ത്തിന്റെ ഭാവിക്ക് പ്രധാനമാണെന്ന് ഒരു ലേഖനത്തില്‍ ബേണ്‍ഹാം അഭിപ്രായപ്പെട്ടു. അടിമക്കച്ചവടത്തിന്റെ ദുരിതങ്ങള്‍ അനുഭവിച്ച രാജ്യങ്ങളുമായും സമൂഹങ്ങളുമായും സര്‍ക്കാര്‍ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കും. മാപ്പുപറയണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും.

മുന്‍തലമുറകള്‍ നടത്തിയ ചരിത്രപരമായ തെറ്റുകള്‍ക്ക് ഇന്നത്തെ ബ്രിട്ടീഷ് ജനതയെ ഉത്തരവാദികളാക്കാനാകില്ലെന്നാണ് നഷ്ടപരിഹാരത്തെ എതിര്‍ക്കുന്ന പ്രധാനമന്ത്രിയുടെ വാദം. അന്നത്തെ സംഭവങ്ങളില്‍ പങ്കില്ലാത്തവരില്‍നിന്ന് ഇപ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനിരിക്കെയാണ് ബേണ്‍ഹാം നിലപാട് വ്യക്തമാക്കിയത്. ഇതിനിടെ കരീബിയന്‍ സന്ദര്‍ശനം നടത്തുന്ന ചാള്‍സ് മൂന്നാമന്‍ രാജാവിനോടും ബ്രിട്ടന്‍ മാപ്പുപറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

 
Other News in this category

 
 




 
Close Window