Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ വിമാനത്താവളത്തില്‍ ഒറ്റ ബ്രിട്ടീഷുകാരില്ല, മുഴുവന്‍ ഇന്ത്യക്കാര്‍
reporter

ലണ്ടന്‍: യുഎസ് സഞ്ചാരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഒരു ബ്രിട്ടീഷ് ജീവനക്കാരനെ പോലും കാണാനില്ലെന്നും മുഴുവന്‍ ജീവനക്കാരും ഇന്ത്യക്കാരാണെന്നുമാണ് ഇമ്മി ഗ്രേറ്റ്ഫുള്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലെ അവകാശവാദം. വീഡിയോ വൈറലായതോടെ നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുകയാണ്. 'ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ ഒരു ബ്രിട്ടീഷ് ജീവനക്കാരന്‍ പോലുമില്ല. സീറോ' എന്ന അടിക്കുറിപ്പോടെയാണ് യുവാവ് വീഡിയോ പങ്കുവെച്ചത്. വിമാനത്താവളത്തിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നും എന്തുകൊണ്ടാണ് ബ്രിട്ടീഷുകാരെ കാണാത്തതെന്നും യുവാവ് ചോദിക്കുന്നു.

യുവാവിന്റെ വാക്കുകളിങ്ങനെ; 'ഞാനിപ്പോള്‍ ലണ്ടനില്‍ ലാന്‍ഡ് ചെയ്തു. ഇത് എയര്‍പോര്‍ട്ടാണ്. ഇവിടെ റെസ്റ്റോറന്റുകളും മറ്റു കടകളുമൊക്കെയുള്ള സ്ഥലത്ത് ഞാന്‍ ചുറ്റി നടന്നു. പക്ഷേ, ഒരു ബ്രിട്ടീഷുകാരന്‍ പോലും ഇവിടെ ജോലി ചെയ്യുന്നതായി കണ്ടില്ല. എല്ലാവരും ഇന്ത്യക്കാരാണ്' ബ്രിട്ടീഷ് ജീവനക്കാരെ കാണാത്തതിനെ ചോദ്യം ചെയ്യുന്നത് വംശീയതയായി കണക്കാക്കരുതെന്നും ഇയാള്‍ പറയുന്നു. 'ഇതിനെക്കുറിച്ച് ചോദിക്കുന്നത് വംശീയത ആണെന്ന് ചിലരെങ്കിലും പറയും. എന്നാല്‍ ഇത് വംശീയത അല്ല. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ലോകത്തിന് നല്‍കിയ ബ്രിട്ടന്‍ എങ്ങനെ ഇങ്ങനെയായി മാറിയെന്ന് ചോദിക്കുന്നത് തെറ്റല്ല. ഇവിടെ ഒരൊറ്റ ബ്രിട്ടീഷുകാരന്‍ പോലുമില്ല. ഇത് എന്നെ അത്ഭുതപ്പെടുത്തുന്നു'- അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ തനിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും യുവാവ് പറയുന്നു. 'ഞാനൊരു കുടിയേറ്റക്കാരനാണ്. അമേരിക്കയില്‍ എവിടെ പോയാലും അവിടെ അമേരിക്കക്കാരെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവിടെ ജോലി ചെയ്യുന്നവരെല്ലാം മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരാകുന്നത് എനിക്കിഷ്ടമല്ല'- യുവാവ് കൂട്ടിച്ചേര്‍ത്തു. വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. യുഎസ് സഞ്ചാരിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ഒരാളുടെ കമന്റ് ഇങ്ങനെ; 'ഇതാണ് വൈവിധ്യം. ലണ്ടന്‍ ഒരു ബഹു സാംസ്‌കാരിക നഗരമാണ്. അതിനെ നമ്മള്‍ ആഘോഷിക്കണം'. നിങ്ങള്‍ക്ക് ഇതില്‍ വിഷമമുണ്ടെങ്കില്‍ ഇങ്ങോട്ട് യാത്ര ചെയ്യാതിരിക്കുക. കുടിയേറ്റക്കാര്‍ ഉള്ളതുകൊണ്ടാണ് യുകെ ഇങ്ങനെ തഴച്ചു വളരുന്നതെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ജോലി ചെയ്യുന്നവരെക്കുറിച്ച് പരാതി പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്? അവരുടെ ജോലി അവര്‍ ഭംഗിയായി ചെയ്യുന്നുണ്ടല്ലോ. പിന്നെ അവരുടെ ജാതിയും മതവും എന്തിനാണ് ഇവിടെ പ്രശ്‌നമാക്കുന്നതെന്നും ഒരാള്‍ ചോദിച്ചു.

യുകെക്കാര്‍ ജോലി ചെയ്യാന്‍ മെനക്കെടാത്തതുകൊണ്ടാണ് ഇന്ത്യക്കാര്‍ അവിടെ ജോലി ചെയ്യുന്നതെന്നും നിങ്ങള്‍ മദ്യപിച്ച് വഴക്കുണ്ടാക്കുമ്പോള്‍, ഇന്ത്യക്കാര്‍ നിങ്ങളുടെ ആശുപത്രികളും ഐടി കമ്പനികളും നന്നാക്കുന്നുവെന്നും മറ്റൊരാള്‍ പറഞ്ഞു. അവരെല്ലാം ഇന്ത്യക്കാരാണെന്ന് എങ്ങനെ ഉറപ്പിച്ചു പറയാന്‍ കഴിയുമെന്നാണ് മറ്റൊരാളുടെ ചോദ്യം. അവര്‍ പാകിസ്താനികളോ ബംഗ്ലാദേശികളോ ആകാം. മിഡില്‍ ഈസ്റ്റേണ്‍സില്‍ നിന്നും ലാറ്റിനോസില്‍ നിന്നുമുള്ള ആളുകളും ഇന്ത്യക്കാരെപ്പോലെ തോന്നാമെന്നും മറ്റൊരാള്‍ കമന്റില്‍ ചൂണ്ടിക്കാട്ടി. ചിലര്‍ യുവാവിനെ പിന്തുണക്കുന്നുണ്ട്. അദ്ദേഹം ചോദിച്ചത് വളരെ ന്യായമായ ചോദ്യമാണ്. സ്വന്തം രാജ്യത്തെ പ്രധാന വിമാനത്താവളത്തില്‍ സ്വന്തം നാട്ടുകാരെ കാണാനില്ലെങ്കില്‍ അത് അത്ഭുതമുണ്ടാക്കുന്ന കാര്യമല്ലേ എന്നാണ് ഒരാളുടെ ചോദ്യം. യുവാവിന്റെ ചോദ്യം ശരിയാണെന്ന് പലരും അഭിപ്രായപ്പെടുന്നു.




 
Other News in this category

 
 




 
Close Window