Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
കുടിയേറ്റ വിരുദ്ധ റാലിയിലും താരം കുടിയേറ്റ പലഹാരം, ഉള്ളിവട
reporter

ലണ്ടന്‍: ഉയര്‍ന്ന് പൊങ്ങിയ മുദ്രാവാക്യങ്ങളോ പാറിപ്പറന്ന കൊടി തോരണങ്ങളോ അല്ല. ലണ്ടനില്‍ നടന്ന കൂറ്റന്‍ കുടിയേറ്റ വിരുദ്ധ റാലിയില്‍ യഥാര്‍ത്ഥത്തില്‍ ശ്രദ്ധ നേടിയത്. അത് നമ്മുടെ സ്വന്തം 'ഉള്ളിവട'യാണ്. സംഗതി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും വൈറലാണ്. ഇംഗ്ലണ്ടിന്റെ പതാക പുതച്ചെത്തിയ ഒരു പ്രതിഷേധക്കാരന്‍ സൗത്ത്ബാങ്കിലെ ഒരു ഫുഡ് സ്റ്റാളില്‍ നിന്ന് പ്രതിഷേധം തല്‍ക്കാലം നിര്‍ത്തിവച്ച് ഒരു ഉള്ളിവട വാങ്ങി കഴിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ കുടിയേറ്റ വിരുദ്ധ സമരക്കാരുടെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്നതാണെന്നാണ് നെറ്റിസന്‍സ് ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്.

'യുണൈറ്റ് ദ കിങ്ഡം' എന്ന് പേരിട്ട റാലിക്ക് നേതൃത്വം നല്‍കിയത് തീവ്ര വലതുപക്ഷ നേതാവായ ടോമി റോബിന്‍സനാണ്. ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്ത റാലിയില്‍ ബ്രിട്ടീഷ് പതാകകള്‍ പാറിപ്പറന്നു, 'മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' തൊപ്പികളും റാലിയില്‍ നിറഞ്ഞു നിന്നു. 'ഞങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യം തിരികെ വേണം' എന്ന മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി. എന്നാല്‍, പ്രതിഷേധക്കാരന്റെ വിശപ്പടക്കാന്‍ ഒരു ഉള്ളിവട തന്നെ വേണ്ടിവന്നത് ആ റാലിയുടെ കാപട്യം തുറന്നു കാട്ടുന്നതായിരുന്നുവെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി. ഒരുവശത്ത് കുടിയേറ്റത്തെ എതിര്‍ക്കുന്നു, മറുവശത്ത് കുടിയേറ്റക്കാരുടെ ഭക്ഷണത്തോട് പ്രിയമേറുന്നുവെന്നാണ് വീഡിയോയ്ക്ക് താഴെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിച്ചത്.

ഈ സംഭവം സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ ആഘോഷിക്കുകയാണ്. 'രാജ്യം തിരികെ പിടിക്കാന്‍ മാര്‍ച്ച് ചെയ്യുന്നതിനിടെ ഒരു ഉള്ളി വടക്കായി ക്ഷമയോടെ കാത്തു നില്‍ക്കുന്നു. ഈ വിരോധാഭാസം യാഥാര്‍ത്ഥ്യം തുറന്നു കാട്ടുന്നു' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. മറ്റൊരു ഉപയോക്താവ് ഇങ്ങനെ പരിഹസിച്ചു: 'കുടിയേറ്റ വിരുദ്ധ നിയമങ്ങള്‍ പ്രകാരം ബട്ടര്‍ ചിക്കന്‍, മാംഗോ ലസ്സി, ഗാര്‍ലിക് നാന്‍, തന്തൂരി ചിക്കന്‍ എന്നിവ നിരോധിക്കാന്‍ ഒരു നിവേദനം സമര്‍പ്പിക്കുന്നു.' ഇന്‍സ്റ്റാഗ്രാമിലും റെഡ്ഡിറ്റിലും ഈ ഉള്ളിവട ക്ലിപ്പ് ഇപ്പോള്‍ ആവര്‍ത്തിച്ച് റീപ്ലേ ചെയ്യപ്പെടുകയാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ സാംസ്‌കാരിക ഇറക്കുമതി മനുഷ്യരല്ല, മറിച്ച് കറികളും, പലഹാരങ്ങളും, കബാബുകളുമാണെന്നും കമന്റുകളിലൂടെ ആളുകള്‍ തമാശയായി പറഞ്ഞു. റോബിന്‍സണിന്റെ റാലി ഒരു രാഷ്ട്രീയ സന്ദേശം നല്‍കാനാണ് ലക്ഷ്യമിട്ടതെങ്കിലും, ഒടുവില്‍ ഇന്റര്‍നെറ്റിനെ മുഴുവന്‍ ഒന്നിപ്പിച്ചത് രുചികരമായ ഒരു ഇന്ത്യന്‍ 'ഉള്ളി വട' യിലാണ്.


 
Other News in this category

 
 




 
Close Window