തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെട്ട ചിറയിന്‍കീഴ് കൈയാങ്കളി വിവാദത്തില്‍ ഒത്തുതീര്‍പ്പ്. സംഭവത്തെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ കെപിസിസി അംഗം പാളയം പ്രദീപിനെയും ചിറയിന്‍കീഴ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി എസ്. സജാദിനെയും പാര്‍ട്ടി തിരിച്ചെടുത്തു. പ്രാദേശിക നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കാമെന്ന് രമ്യ ഹരിദാസ് കെപിസിസി പ്രസിഡന്റിനെ നേരില്‍ക്കണ്ട് ഉറപ്പുനല്‍കി. പാളയം പ്രദീപിന് ചിറയിന്‍കീഴ് മണ്ഡലത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.
വിവാദം പരിഹരിക്കുന്നതിന്റെ ഭാഗമായി പാളയം പ്രദീപിനെ എംഎല്‍എയുടെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തരുതെന്ന് കെപിസിസി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ അഡീഷണല്‍ സ്റ്റാഫായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ കത്ത് നല്‍കിയതോടെ തര്‍ക്കം വീണ്ടും രൂക്ഷമായി. സ്പീക്കറുടെ ഓഫീസില്‍ ആദ്യം സമര്‍പ്പിച്ച കത്ത് നിയമസഭാ സെക്രട്ടറിക്ക് നല്‍കാന്‍ നിര്‍ദേശിച്ച് മടക്കിയിരുന്നു. തുടര്‍ന്ന് സെക്രട്ടറിയുടെ ഓഫീസില്‍ കത്ത് സമര്‍പ്പിച്ചെങ്കിലും വിവാദമായതോടെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടു. കെപിസിസി നേതൃത്വം നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് സമവായത്തിലെത്തിയത്. ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍വച്ചാണ് രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിലുള്ള തര്‍ക്കം കൈയാങ്കളിയിലെത്തിയത്. സംഭവത്തില്‍ എംഎല്‍എയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി യോഗത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.