ശബരിമല: വെര്‍ച്വല്‍ ക്യൂവിലൂടെ ദര്‍ശനത്തിന് ബുക്ക് ചെയ്യുന്നവരില്‍ വലിയൊരു വിഭാഗം എത്താതിരിക്കുന്നതിനെക്കുറിച്ച് അന്വേഷണം തുടരുന്നു. നവംബര്‍ 25ന് ബുക്ക് ചെയ്തിട്ടും ഏകദേശം 23,000 പേര്‍ ദര്‍ശനത്തിനെത്തിയില്ലെന്നാണ് കണക്ക്. അന്നേദിവസം പമ്പയിലെത്തിയത് ആകെ 59,601 തീര്‍ഥാടകരാണ്. ഇതില്‍ ഏകദേശം 47,000 പേര്‍ വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്തവരായിരുന്നു. മുന്‍വര്‍ഷങ്ങളിലേതിന് സമാനമായ തീര്‍ഥാടകത്തിരക്ക് അനുഭവപ്പെടാത്തതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
പൊലീസ്, വിജിലന്‍സ്, ദേവസ്വം വിജിലന്‍സ്, സൈബര്‍ പൊലീസ് സംഘങ്ങള്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും വ്യക്തമായ കാരണം കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വെര്‍ച്വല്‍ ക്യൂ സംവിധാനം കൈകാര്യം ചെയ്യുന്നതില്‍ ദേവസ്വം ബോര്‍ഡിനെ സഹായിക്കുന്ന ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസില്‍നിന്ന് പമ്പ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ചെന്നൈയിലും കോയമ്പത്തൂരിലും കൂട്ടബുക്കിങ് നടന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലും സമാനമായ ബുക്കിങ്ങുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ബുക്ക് ചെയ്തിട്ടും തീര്‍ഥാടകര്‍ എത്താത്തതും കൂട്ടബുക്കിങ്ങുകളും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല