തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലും മുന്‍ കായികതാരം പത്മിനി തോമസും കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് വെവ്വേറെ കത്തുകള്‍ നല്‍കി. ഇരുവരുടെയും അപേക്ഷയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും ദേശീയ നേതൃത്വവുമായും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
കോണ്‍ഗ്രസ് വിട്ടത് തെറ്റായിരുന്നുവെന്നും അതില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും പത്മജ കത്തില്‍ അറിയിച്ചു. സണ്ണി ജോസഫിന് ഇമെയില്‍ വഴിയാണ് പത്മജ അപേക്ഷ നല്‍കിയത്. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും കത്തയച്ചു.
പത്മിനി തോമസ് തിരുവനന്തപുരത്തെ ഇന്ദിരാഭവനിലെത്തി സണ്ണി ജോസഫിന് നേരിട്ട് കത്ത് കൈമാറി. ചെറിയൊരു വിഷമത്തിന്റെ പേരില്‍ തിടുക്കപ്പെട്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ആ തീരുമാനത്തില്‍ ഖേദമുണ്ടെന്നും പത്മിനി പറഞ്ഞു. അര്‍ജുന അവാര്‍ഡിനുള്ള ശുപാര്‍ശ ഉള്‍പ്പെടെ കോണ്‍ഗ്രസില്‍നിന്ന് ലഭിച്ച പിന്തുണയും അവര്‍ ഓര്‍ത്തെടുത്തു. തിരിച്ചുവരവിന് പത്മിനി ഉപാധികളൊന്നും മുന്നോട്ടുവച്ചിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി