ന്യൂയോര്‍ക്ക്: യുഎസിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച 'നോര്‍ഈസ്റ്റര്‍' കൊടുങ്കാറ്റ് താങ്ക്സ്ഗിവിങ് ദിനത്തിലെ യാത്രകള്‍ താറുമാറാക്കി. നവംബര്‍ 26ന് യുഎസിനകത്തും രാജ്യത്തേക്കും പുറത്തേക്കുമുള്ള 440 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാനഗതാഗതം നിരീക്ഷിക്കുന്ന ഫ്‌ലൈറ്റ്അവെയര്‍ അറിയിച്ചു. 2,200-ലേറെ സര്‍വീസുകള്‍ വൈകി. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ മേഖലകളിലെ വിമാനത്താവളങ്ങളിലാണ് യാത്രാതടസ്സം രൂക്ഷമായത്.
കടലില്‍നിന്ന് കരയിലേക്കു വീശിയ ശക്തമായ കാറ്റും ഉയര്‍ന്ന വേലിയേറ്റവും ചേര്‍ന്നതോടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ന്യൂജേഴ്സിയിലെ ഓഷ്യന്‍ സിറ്റിയില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി. ന്യൂജേഴ്സിയിലുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കിലെ ലഗാര്‍ഡിയ വിമാനത്താവളത്തില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് രേഖപ്പെടുത്തി.
മരങ്ങളും വൈദ്യുത ലൈനുകളും തകര്‍ന്നതോടെ പെന്‍സില്‍വേനിയ, ന്യൂജേഴ്സി, മേരിലാന്‍ഡ്, വിര്‍ജീനിയ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങി. ന്യൂയോര്‍ക്കില്‍ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന നൂറാമത് മേസീസ് താങ്ക്സ്ഗിവിങ് ദിന പരേഡ് നവംബര്‍ 28 ശനിയാഴ്ചയിലേക്കു മാറ്റി. പ്രതികൂല കാലാവസ്ഥ കാരണം പരേഡിന്റെ തീയതി മാറ്റുന്നത് ഇതാദ്യമാണ്.