കൊച്ചി: എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിര്‍ദേശിച്ച മുഴുവന്‍ അന്തിമ റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിനെ വിമര്‍ശിച്ച് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന്‍ നവംബര്‍ 27ന് നേരിട്ട് ഹാജരാകാനും വീഴ്ചയുടെ കാരണം സത്യവാങ്മൂലത്തിലൂടെ വിശദീകരിക്കാനും ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഉത്തരവിട്ടു. എട്ട് അന്തിമ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടിടത്ത് ഒരെണ്ണം മാത്രമാണ് കൊല്ലത്തെ പ്രത്യേക കോടതിയില്‍ നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇത് കോടതി ഉത്തരവ് പൂര്‍ണമായി പാലിച്ചതായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശേഷിക്കുന്ന ഏഴ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാത്തതിലാണ് വിശദീകരണം തേടിയത്. സ്വാധീനമുള്ളവര്‍ ഉള്‍പ്പെട്ട കേസുകളില്‍ ഓരോ നടപടിക്കും കോടതിയുടെ നിര്‍ബന്ധം വേണ്ടിവരുന്ന സാഹചര്യമാണോയെന്ന് കോടതി വാക്കാല്‍ ചോദിച്ചു. ആഭ്യന്തര വകുപ്പിന്റെയും വിജിലന്‍സിന്റെയും പ്രവര്‍ത്തനത്തെക്കുറിച്ചും വിമര്‍ശനമുയര്‍ത്തി. ഉത്തരവിന്റെ ഉദ്ദേശ്യവും നിര്‍ദേശങ്ങളും അന്വേഷണ ഉദ്യോഗസ്ഥന്‍ പാലിച്ചില്ലെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്നും കോടതി നിരീക്ഷിച്ചു.
മൈക്രോഫിനാന്‍സ് പദ്ധതിയിലൂടെ അനുവദിച്ച 15.85 കോടി രൂപയുടെ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ആരോപണവുമായി ബന്ധപ്പെട്ട് 2016ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ക്കും സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍മാര്‍ക്കുമെതിരെയാണ് ആരോപണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് 2020ല്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. നവംബര്‍ 26നകം അന്തിമ റിപ്പോര്‍ട്ടുകള്‍ നല്‍കണമെന്ന് നേരത്തേ നിര്‍ദേശിച്ചിരുന്നു. കേസ് നവംബര്‍ 27ന് വീണ്ടും പരിഗണിക്കും.