ഗുരുവായൂര്‍: ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതി സുരേഷ് വിവാഹിതയായി. വയനാട് കലക്ടറേറ്റിലെ റവന്യൂ ജീവനക്കാരനായ സന്ദീപ് ശങ്കരനാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ഒന്നാം നമ്പര്‍ മണ്ഡപത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍. മുന്‍ റവന്യൂ മന്ത്രി കെ. രാജന്‍ രക്ഷാകര്‍ത്താവിന്റെ സ്ഥാനത്തുനിന്ന് ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
ജീവിതത്തിലെ സാഹചര്യങ്ങളെല്ലാം അറിഞ്ഞാണ് സന്ദീപ് തന്റെ കൈപിടിച്ചതെന്നും ഏറെ സന്തോഷമുള്ള നിമിഷമാണിതെന്നും ശ്രുതി വിവാഹശേഷം പ്രതികരിച്ചു. മുന്നോട്ടുള്ള ജീവിതം സന്തോഷകരമാകട്ടെയെന്നാണ് പ്രാര്‍ഥനയെന്നും അവര്‍ പറഞ്ഞു.
ശ്രുതിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ ഒപ്പമുണ്ടാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കെ. രാജന്‍ വ്യക്തമാക്കി. ഒരുമിച്ച് ജോലി ചെയ്യുന്നയാള്‍ ജീവിതപങ്കാളിയാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒമ്പത് കുടുംബാംഗങ്ങളെയാണ് ശ്രുതിക്ക് നഷ്ടമായത്. ദുരന്തത്തിനുശേഷം താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജെന്‍സന്‍ പിന്നീട് വാഹനാപകടത്തില്‍ മരിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ശ്രുതിക്ക് റവന്യൂ വകുപ്പില്‍ ജോലി നല്‍കിയിരുന്നു.