ലണ്ടന്‍: ഇംഗ്ലണ്ടില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തി. എന്‍എച്ച്എസിന്റെ കാന്‍സര്‍ രജിസ്ട്രേഷന്‍ കണക്കുകള്‍ പ്രകാരം 2024ല്‍ 3.73 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിനം ശരാശരി 1,021 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 2023ല്‍ ഇത് 972 ആയിരുന്നു. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ പകുതിയും പ്രോസ്റ്റേറ്റ്, സ്തന, ശ്വാസകോശ, കുടല്‍ കാന്‍സറുകളാണ്. അതേസമയം, രോഗം പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നതില്‍ പുരോഗതിയുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 56.7 ശതമാനം കേസുകളും ഒന്നും രണ്ടും ഘട്ടങ്ങളില്‍ തന്നെ തിരിച്ചറിയാനായി.
നേരത്തെയുള്ള രോഗനിര്‍ണയത്തിലെ പുരോഗതി എന്‍എച്ച്എസ് ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് കാന്‍സറിനായുള്ള എന്‍എച്ച്എസ് നാഷനല്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ പ്രൊഫ. പീറ്റര്‍ ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ രോഗികളെ കണ്ടെത്തുന്നതിലെ പുരോഗതിക്കൊപ്പം സമയബന്ധിതമായി ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യസംവിധാനത്തിന് കഴിയുന്നില്ലെന്ന ആശങ്ക തുടരുകയാണ്. അടിയന്തര റഫറല്‍ ലഭിച്ച് 62 ദിവസത്തിനകം ചികിത്സ ആരംഭിച്ചത് 71.9 ശതമാനം രോഗികള്‍ക്ക് മാത്രമാണ്. കുറഞ്ഞത് 85 ശതമാനം പേര്‍ക്കെങ്കിലും ഈ സമയപരിധിക്കുള്ളില്‍ ചികിത്സ നല്‍കണമെന്ന ലക്ഷ്യമാണ് നിലവിലുള്ളത്. രോഗസ്ഥിരീകരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധനയും ചികിത്സയും വൈകാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.