|
പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 42 കാരനെ അയല്‍വാസി വെടിവെച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദ് സെക്ടര്‍ 21സിയിലാണ് സംഭവം.
സിംഗപ്പൂരിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പരംജീത് ധന്‍ഖര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ധന്‍ഖറിന്റെ അയല്‍വാസിയായ മോനു ശര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ലൈസന്‍സുള്ള പിസ്റ്റള്‍ ഉപയോഗിച്ച് പ്രതിമോനു ശര്‍മ്മ, പര്ജീത് ധന്‍ഖറിന് നേരെ 15 റൗണ്ടോളം വെടിയുതിര്‍ത്തു. ഇതില്‍ ഒമ്പത് തവണയും അദ്ദേഹത്തിന്റെ ശരീരത്തില്‍ കൊള്ളുകയായിരുന്നു. ധന്‍ഖര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു.
പോലീസ് പറയുന്നതനുസരിച്ച്, സെക്ടര്‍ 21സിയിലെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ധന്‍ഖറിന്റെ കുടുംബം താമസിക്കുന്നത്. പ്രതിയായ മോനു ശര്‍മ്മ ഇതേ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് താമസം. കെട്ടിടത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നായ വിസര്‍ജ്ജനം നടത്തിയതുമായി ബന്ധപ്പെട്ടും വാഹനങ്ങളുടെ പാര്‍ക്കിംഗിനെച്ചൊല്ലിയുമാണ് ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നത്. വെള്ളിയാഴ്ച രാത്രി ജിമ്മില്‍ നിന്ന് മടങ്ങിയെത്തിയ ധന്‍ഖര്‍, തന്റെ നിശ്ചിത പാര്‍ക്കിംഗ് സ്ഥലത്തുനിന്ന് കാര്‍ മാറ്റിയിടാന്‍ ശര്‍മ്മയോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് പ്രതി ധന്‍ഖറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. |