ന്യൂഡല്‍ഹി: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നത് വാഹനങ്ങളുടെ എന്‍ജിന്‍ തകരാറിനും മൈലേജ് കുറയുന്നതിനും കാരണമാകുന്നുവെന്ന് ഡി.കെ. ശിവകുമാര്‍ ആരോപിച്ചു. വിഷയത്തിലെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ണാടകയിലെ 67 കേന്ദ്രങ്ങളില്‍നിന്ന് പെട്രോള്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിവരികയാണെന്ന് ശിവകുമാര്‍ അറിയിച്ചു. അന്വേഷണത്തിന്റെ 30 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. പരിശോധന നടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറിയെന്നും വിശദമായ കണ്ടെത്തലുകള്‍ സംസ്ഥാന മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പെട്രോള്‍ പമ്പുകളില്‍വച്ചാണ് അധികമായി എഥനോള്‍ കലര്‍ത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ശിവകുമാര്‍ അവകാശപ്പെട്ടു. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന എഥനോള്‍ ഉപയോഗിച്ച് കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള ശ്രമമാണിതെന്നും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു, കോലാര്‍, ചിക്കബെല്ലാപുര, രാമനഗര, മംഗളൂരു, തുമകൂരു തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള സാമ്പിളുകളില്‍ എഥനോളിന്റെ അളവ് 31.2 ശതമാനംവരെ കണ്ടെത്തിയതായി സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി റിസ്വാന്‍ അര്‍ഷദ് നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആരോപണങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ നിഷേധിച്ചു. തങ്ങള്‍ വിതരണം ചെയ്യുന്ന ഇ20 പെട്രോള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് കമ്പനികളുടെ നിലപാട്. സംസ്ഥാനത്തിന്റെ സാമ്പിള്‍ ശേഖരണത്തിലും പരിശോധനാരീതിയിലും അപാകതകളുണ്ടെന്നും കമ്പനികള്‍ ആരോപിച്ചു.