തൃശൂര്‍: വേലൂര്‍ പഞ്ചായത്തിലെ പുലിയന്നൂരിലുള്ള നൂറ്റാണ്ട് പഴക്കമുള്ള സ്‌കൂളിന്റെ പേരില്‍ 'സെന്റ് തോമസ്' പുനഃസ്ഥാപിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്തശേഷം പുലിയന്നൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ എന്നാക്കി മാറ്റിയ സ്ഥാപനത്തിന്റെ പേര് ഇനി 'ഗവ. സെന്റ് തോമസ് യുപി സ്‌കൂള്‍, പുലിയന്നൂര്‍' എന്നായിരിക്കും. ഇതുസംബന്ധിച്ച് തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിറക്കി. 1923ല്‍ വേലൂര്‍ ഫൊറോന പള്ളിയുടെ കീഴില്‍ സ്ഥാപിച്ച സ്‌കൂള്‍ 2022 മേയിലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. തുടര്‍ന്ന് പേരില്‍നിന്ന് 'സെന്റ് തോമസ്' ഒഴിവാക്കിയതിനെതിരെ സഭാ നേതൃത്വവും സംഘടനകളും പൊതുജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പഴയ പേര് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സര്‍ക്കാരിന് കത്തയച്ചിരുന്നു. സ്‌കൂളിന്റെ ചരിത്രപരമായ പേര് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രചാരണങ്ങളും നിയമപോരാട്ടവും തുടര്‍ന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിഷയത്തില്‍ ഇടപെട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ ബന്ധപ്പെട്ട വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പേര് പുനഃസ്ഥാപിച്ചതോടെ നാലുവര്‍ഷമായി തുടര്‍ന്ന തര്‍ക്കത്തിനാണ് വിരാമമായത്.