തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2027ലെ കലണ്ടറിന് മികച്ച പ്രതികരണം. ഒക്ടോബര്‍ 23ന് വില്‍പ്പന ആരംഭിച്ചതുമുതല്‍ നവംബര്‍ 12വരെ സൗജന്യ കോപ്പികള്‍ ഉള്‍പ്പെടെ 1,72,836 കലണ്ടറുകള്‍ വിതരണം ചെയ്തു. ഇതില്‍ 1,57,226 എണ്ണം നേരിട്ട് വിറ്റഴിച്ചതും 15,610 എണ്ണം സൗജന്യമായി നല്‍കിയതുമാണ്.
40 രൂപയാണ് ഒരു കലണ്ടറിന്റെ വില. പത്ത് കലണ്ടറുകള്‍ വാങ്ങുമ്പോള്‍ ഒന്ന് സൗജന്യമായി നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെ 1.65 ലക്ഷം കലണ്ടറുകളാണ് വിറ്റഴിച്ചത്. ഇത്തവണ വില്‍പ്പനയ്‌ക്കൊപ്പം സൗജന്യമായി നല്‍കിയവയും ചേര്‍ന്നുള്ള വിതരണം ഇതിനകം ഈ കണക്ക് മറികടന്നു.
ആവശ്യക്കാര്‍ വര്‍ധിച്ചതോടെ 10 ലക്ഷം കലണ്ടറുകള്‍ അച്ചടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിവിധ ഡിപ്പോകളിലായി എത്തിച്ച 2,96,000 കലണ്ടറുകളില്‍ നവംബര്‍ 12 വൈകുന്നേരത്തെ കണക്കനുസരിച്ച് 1,23,164 എണ്ണം സ്റ്റോക്കുണ്ട്. തിരുവനന്തപുരത്തെ ഗവണ്‍മെന്റ് സെന്‍ട്രല്‍ പ്രസ് പബ്ലിക്കേഷന്‍ വിഭാഗത്തിലൂടെയാണ് ഏറ്റവും കൂടുതല്‍ കലണ്ടറുകള്‍ വിതരണം ചെയ്തത്. ഇവിടെ 36,749 എണ്ണം വിറ്റഴിക്കുകയും 3,611 എണ്ണം സൗജന്യമായി നല്‍കുകയും ചെയ്തു. ആകെ വിതരണം 40,360. ജില്ലാ ഫോറം സ്റ്റോറുകളില്‍ എറണാകുളമാണ് മുന്നില്‍. കോട്ടയത്ത് 16,396, തൃശൂരില്‍ 14,001, പാലക്കാട്ട് 13,117, കോഴിക്കോട്ട് 12,665, കൊല്ലത്ത് 12,594, കണ്ണൂരില്‍ 12,145 എന്നിങ്ങനെയാണ് മറ്റു പ്രധാന കേന്ദ്രങ്ങളിലെ കണക്കുകള്‍.