തൃശൂര്‍: ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രസവശേഷം യുവതിയുടെ ശരീരത്തിനുള്ളില്‍ പഞ്ഞി അവശേഷിപ്പിച്ച് തുന്നിക്കെട്ടിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെതിരെയാണ് നടപടി. വൈദ്യശാസ്ത്രപരമായ അശ്രദ്ധ ആരോപിച്ചുള്ള കേസില്‍ ഗുരുവായൂര്‍ എസിപിയാണ് അന്വേഷണം നടത്തുന്നത്.
കടപ്പുറം മുനക്കക്കടവ് സ്വദേശിനിയായ ഫാത്തിമത്തുല്‍ ഷറഫിയയാണ് പരാതിക്കാരി. ഓഗസ്റ്റില്‍ പ്രസവത്തെത്തുടര്‍ന്നുണ്ടായ രക്തസ്രാവം തടയുന്നതിനുള്ള ചികിത്സയ്ക്കിടെയാണ് പഞ്ഞി ശരീരത്തിനുള്ളില്‍ അവശേഷിച്ചതെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും ആരോപണം.
ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയശേഷം കടുത്ത വേദനയും മുറിവില്‍ പഴുപ്പും ദുര്‍ഗന്ധവും അനുഭവപ്പെട്ടതായി യുവതി പറയുന്നു. വീണ്ടും ചികിത്സ തേടിയെങ്കിലും പ്രശ്നം കണ്ടെത്തിയില്ലെന്നും 43-ാം ദിവസം സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ സ്‌കാനിങ്ങിലാണ് പഞ്ഞി ശ്രദ്ധയില്‍പ്പെട്ടതെന്നും കുടുംബം ആരോപിച്ചു. ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും ഡിഎംഒയ്ക്കും പരാതി നല്‍കിയിരുന്നു.
അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം ഡോക്ടര്‍ നിഷേധിച്ചു. പ്രസവസമയത്ത് ഉപയോഗിച്ച പഞ്ഞി നീക്കം ചെയ്തിരുന്നുവെന്നാണ് വിശദീകരണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ആശുപത്രി സൂപ്രണ്ടും അറിയിച്ചു.