Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 15th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മോദിയുടെ നിര്‍ദേശപ്രകാരം ഫോണ്‍ ചോര്‍ത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി; ആരോപണം തള്ളി ബിജെപി
reporter

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. പ്രധാനമന്ത്രിക്ക് വിദേശ പിന്തുണ ലഭിക്കുന്നതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ ഫോണിലുണ്ടെന്നും വെള്ളിയാഴ്ച ഇന്‍സ്റ്റഗ്രാം തത്സമയ സംവാദത്തിനിടെ അദ്ദേഹം അവകാശപ്പെട്ടു.

വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി നേര്‍ക്കുനേര്‍ സംവാദത്തിന് തയ്യാറാണെന്ന വെല്ലുവിളിയും രാഹുല്‍ ആവര്‍ത്തിച്ചു. പ്രധാനമന്ത്രിക്ക് ടെലിപ്രോംപ്റ്ററും ഇഷ്ടമുള്ള മോഡറേറ്ററെയും കൊണ്ടുവരാമെന്നും അദ്ദേഹം പറഞ്ഞു. അടുത്തകാലത്ത് തനിക്കെതിരായ വിമര്‍ശനങ്ങളില്‍നിന്ന് പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നത് ഭയം മൂലമാണെന്നും രാഹുല്‍ ആരോപിച്ചു.

കര്‍ഷക നിയമങ്ങള്‍, വോട്ട് മോഷണ ആരോപണം, ചൈനീസ് അതിര്‍ത്തിയിലെ സാഹചര്യം, മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ പുസ്തകം, അദാനി വിഷയം, അമേരിക്കയുമായുള്ള വ്യാപാരകരാര്‍, ജെഫ്രി എപ്‌സ്‌റ്റൈന്‍ വിവാദം എന്നിവ ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് സംസാരിക്കാന്‍ അവസരം നിഷേധിക്കുന്നുവെന്നും അംഗങ്ങളുടെ മൈക്കുകള്‍ ഓഫ് ചെയ്യുന്നുവെന്നും രാഹുല്‍ ആരോപിച്ചു. അതേസമയം, ഫോണ്‍ ചോര്‍ത്തല്‍ ആരോപണവും സംവാദ വെല്ലുവിളിയും ബിജെപി തള്ളി. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ രാഹുല്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. ചര്‍ച്ചകള്‍ക്കുള്ള വേദി പാര്‍ലമെന്റാണെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷായും നിര്‍മല സീതാരാമനും വ്യക്തമാക്കി. രാഹുലിന് ഉന്നയിക്കാനുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window