കൊല്ലം: കരുനാഗപ്പള്ളി വവ്വാക്കാവില്‍ കാറിടിച്ച് വാഹനത്തിനടിയില്‍ കുടുങ്ങിയ ഭിക്ഷാടനം ചെയ്യുന്നയാള്‍ മരിച്ചു. അപകടത്തിന് ശേഷവും വാഹനം നിര്‍ത്താതെ ഇയാളെ റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഓടിച്ചിരുന്ന കടത്തൂര്‍ സ്വദേശി ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
വെള്ളിയാഴ്ച രാത്രിയാണ് ദേശീയപാതയില്‍ അപകടമുണ്ടായത്. കാറിനടിയില്‍ ഒരാള്‍ കുടുങ്ങിയിട്ടും ഡ്രൈവര്‍ യാത്ര തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് സമീപത്തെ ഇടറോഡില്‍ പരിക്കേറ്റയാളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എത്രദൂരം വലിച്ചിഴച്ചുവെന്നതില്‍ റിപ്പോര്‍ട്ടുകളില്‍ വ്യത്യാസമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട കാര്‍ പൊലീസ് പിടിച്ചെടുത്തു. അപകടസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അപകടത്തിന്റെ സാഹചര്യങ്ങളും തുടര്‍ന്നുണ്ടായ സംഭവങ്ങളും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.