തിരുവനന്തപുരം: ചാലയില്‍ ജ്വല്ലറി ഉടമയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അനൂപ് രാജ്, അനില്‍ പ്രസാദ്, വിനോദ് ആന്റണി, അമുല്‍, ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍നിന്ന് 400 ഗ്രാമിലധികം സ്വര്‍ണം കണ്ടെത്തി. വാഹനത്തില്‍നിന്ന് ഇറങ്ങി ഓടിരക്ഷപ്പെട്ട ചാല സ്വദേശി ശ്രാവണിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
സ്വര്‍ണവ്യാപാരവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ചാലയില്‍ സ്വര്‍ണവ്യാപാരം നടത്തുന്ന അമുലും ദിലീപും വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെതിരെ ക്വട്ടേഷന്‍ നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. നിരവധി കേസുകളില്‍ പ്രതിയായ അനൂപ് രാജാണ് ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
'ഷാഡോ അനില്‍' എന്നറിയപ്പെടുന്ന അനില്‍ പ്രസാദും വിനോദ് ആന്റണിയുമാണ് ബൈക്കിലെത്തി നന്ദകുമാറില്‍നിന്ന് സ്വര്‍ണം കവര്‍ന്നതെന്നാണ് അന്വേഷണത്തിലെ വിവരം. തുടര്‍ന്ന് ബൈക്കില്‍ മേല്‍പ്പാലം കടന്ന് ഹൈവേയ്ക്ക് സമീപമെത്തിയ ഇവര്‍, കാറുമായി കാത്തുനിന്ന അനൂപ് രാജിനൊപ്പം രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ജ്വല്ലറി അടച്ച് സ്വര്‍ണവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നന്ദകുമാര്‍ കവര്‍ച്ചയ്ക്കിരയായത്. വിവിധ കടകളില്‍നിന്ന് ശുദ്ധീകരണത്തിനായി ലഭിച്ച സ്വര്‍ണമാണ് ബാഗിലുണ്ടായിരുന്നത്. കവര്‍ച്ചയുടെ ആസൂത്രണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.