Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഒരു മാഫിയാ തലവന്റെ പതനത്തിന്റെ കഥ
reporter
സിനിമാക്കഥയെ വെല്ലുന്നതാണ് മാഴ്‌സല്ലോ പേഷ്യയുടെ ജീവിതം. പിടികിട്ടാപ്പുള്ളിയായി ഇറ്റാലിയന്‍ പോലീസ് പ്രഖ്യാപിച്ച മാഫിയ തലവന്‍. ക്രൂരതകള്‍ അലങ്കാരമായി കരുതുന്ന ഇന്‍ഡ്രന്‍ഗീറ്റ സംഘത്തിന്റെ തലതൊട്ടപ്പന്‍. ഡാന്‍സര്‍ എന്ന വിളിപ്പേരില്‍ പുകള്‍പെറ്റ ബുദ്ധിജീവി. ജീന്‍ പോള്‍ സാര്‍ത്രിന്റെയും മാര്‍സര്‍ പ്രൗസ്റ്റിന്റെയും രചനകളുടെ ആരാധകന്‍. സംസ്‌കാര സമ്പന്നനെന്ന് സ്വയം വിശേഷിപ്പിക്കുന്ന കൊള്ളത്തലവന്‍. മാഫിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 16 വര്‍ഷത്തെ ജയില്‍വാസം വിധിക്കപ്പെട്ടിട്ടുള്ള മാഴ്‌സല്ലോയെ കഴിഞ്ഞ ആറു വര്‍ഷമായി വലയില്‍ വീഴ്ത്താനുള്ള തിരച്ചിലിലായി രുന്നു ഇറ്റാലിയന്‍ പോലീസ്.

സിസിലി നഗരത്തില്‍ ഭീതി പരത്തുന്ന കോസ്റ്റാ നോസ്ട്രായെപ്പോലെ, കാംപാനിയയ്ക്ക് പേടിസ്വപ്നമായ കമ്മോറയെപ്പോലെ, അപുലിയയെ വിറപ്പിക്കുന്ന സാക്രാ കൊറോണ യുണൈറ്റയെപ്പോലെ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ദിനചര്യയാക്കിയ ഇന്‍ഡ്രന്‍ഗീറ്റ ഇറ്റലിയിലെ ഏറ്റവും ശക്തവും സമ്പന്നവുമായ മാഫിയ സംഘമാണ്. ഗ്രീക്ക് ഭാഷയിലെ ആന്ദ്രാഗാതിയ എന്ന വാക്കില്‍ നിന്നാണ് ഇന്‍ഡ്രന്‍ഗീറ്റ രൂപപ്പെട്ടത്. ധൈര്യം, കൂറ് എന്നൊക്കെയാണ് ഈ പദത്തിന്റെ അര്‍ഥം. ലഹരി കൂടിയ ദക്ഷിണ അമേരിക്കന്‍ കൊക്കെയ്ന്‍ ആഫ്രിക്കയിലൂടെ യൂറോപ്പിലേക്ക് കടത്തുന്നതില്‍ മുന്‍നിരയി ലുള്ള ഇക്കൂട്ടര്‍ പിടിച്ചുപറി, വേശ്യാവൃത്തി എന്നിങ്ങനെ ആയുധക്കടത്ത് വരെ അനായാസം കൈകാര്യം ചെയ്യുന്നു. വിവിധ ഇടങ്ങളിലായി പതിനായിരത്തോളം അംഗങ്ങളുള്ള സംഘത്തിന്റെ ഹോബികളില്‍ കടത്തും തട്ടിക്കൊണ്ടുപോകലും കൂടാതെ കൊലപാതകം, ബോംബേറ്, ചൂതാട്ടം, മോഷണം, കൊള്ള മുതലായ വ്യത്യസ്ത ശ്രേണിയിലെ കുറ്റകൃത്യങ്ങളുമുണ്ട്. റെഗിയോ കലാബ്രിയയില്‍ പിറവി കൊണ്ട്, കലാബ്രിയയിലെങ്ങും വേരുകള്‍ പടര്‍ത്തി, എവിടൊക്കെ ഇറ്റലിക്കാര്‍ കുടിയേറിയിട്ടുണ്ടോ, അവിടൊക്കെ ഇടം നേടി, ലോകമാകമാനം കുപ്രസിദ്ധി കരഗതമാക്കിയിട്ടുണ്ട് ഈ മാഫിയ സംഘം.

കലാബ്രിയയിലെ എല്ലാ ഗ്രാമങ്ങളിലും ഇന്‍ഡ്രന്‍ഗീറ്റ സജീവമാണ്. റോബിന്‍ഹുഡിനെപ്പോലെയാണ് ഈ സംഘത്തിന്റെ വളര്‍ച്ചയെന്ന് പൊതുവേ കണക്കാക്കപ്പെടുന്നു. നാട്ടിലെ തര്‍ക്കവിഷയങ്ങളില്‍ അന്തിമവിധി നിശ്ചയിക്കുന്ന സംഘങ്ങളായിട്ടായിരുന്നു പലയിടത്തും തുടക്കം. ക്രമേണ നിയമവിരുദ്ധമായ പല പ്രവൃത്തികളിലും ഏര്‍പ്പെട്ട സംഘം മയക്കുമരുന്ന് കടത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. ഒരു കിലോ കൊക്കെയ്‌ന് ആയിരം ഡോളര്‍ വിലയുണ്ടായിരുന്ന പഴയ കാലത്തുനിന്നു തുടങ്ങിയ പ്രയാണം അമ്പതിനായിരം ഡോളറിലും അതിനെക്കാളുമൊക്കെ കൂടുതല്‍ തുകയിലും എത്തിയപ്പോഴേയ്ക്കും സ്വാഭാവികമായും സാമ്പത്തിക സ്വാധീനമുള്ള സംഘമായി. ആയിരക്കണക്കിന് കിലോ കൊക്കെയ്‌നാണ് ആവശ്യമുള്ള വമ്പന്‍മാര്‍ക്ക് കപ്പല്‍മാര്‍ഗം എത്തിക്കുന്നത്.

ചെറുകിടക്കാര്‍ക്കും കൊക്കെയ്ന്‍ നല്‍കാറുണ്ട്. പലപ്പോഴും ചെറുകിടക്കാരുമായുള്ള കൈമാറ്റത്തിനിടയിലാണ് അംഗങ്ങള്‍ പിടിക്കപ്പെടുന്നത്. കൊളംബിയന്‍ സംഘങ്ങളുമായും മെക്‌സിക്കോയിലെ ക്രിമിനല്‍ ഗാംഗുകളുമായും അമേരിക്കന്‍ അതിരുകളുടെ മറുവശത്തെ മാഫിയ കുടുംബങ്ങളുമായും ഇന്‍ഡ്രന്‍ഗീറ്റയ്ക്ക് നല്ല ബന്ധവുമുണ്ട്. 52കാരനായ മാഴ്‌സല്ലോ പേഷ്യ പാരമ്പര്യമായി ഇന്‍ഡ്രന്‍ഗീറ്റ കുടുംബാംഗമാണ്. ജീവിതാന്ത്യം വരെയും കുറ്റകൃത്യങ്ങള്‍ തുടര്‍ന്ന, ഇന്‍ഡ്രന്‍ഗീറ്റയിലെ അംഗം റോക്കോ പേഷ്യയുടെ മകന്‍ പിതാവിന്റെ പാത തന്നെ സ്വീകരിച്ചു. എന്നാല്‍, പടയാളിയാകാനല്ല, ഭരണാധികാരിയാകാനായിരുന്നു മാഴ്‌സെല്ലോയുടെ താത്പര്യം. ക്ലബുകളോടും പാര്‍ട്ടികളോടും ആഘോഷത്തെക്കാള്‍ അപ്പുറം വല്ലാത്ത അഭിനിവേശം പുലര്‍ത്തുന്ന മാഴ്‌സല്ലോ, അക്കാരണത്താല്‍ തന്നെ ഡാന്‍സര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെട്ടു.
 
Other News in this category

 
 




 
Close Window