|
ജിഎസ്ടിയുടെ ആഘാതം നേരിട്ട് ഏറ്റു വാങ്ങുന്നത് കേരളത്തിലെ സാധാരണക്കാര്‍. റസ്റ്ററന്റുകള്‍ ഉപഭോക്താക്കളെ ജിഎസ്ടിയുടെ പേരില്‍ പിഴിയുന്നു. നൂറു രൂപയ്ക്ക് മുകളില്‍ ഭക്ഷണം കഴിച്ചാല്‍ 17 രൂപയാണ് ജിഎസ്ടിയുടെ പേരില്‍ അധികം വാങ്ങുന്നത്. ഇതിനു പുറമെ ബില്ലില്‍ സംസ്ഥാനത്തിന്റെ നികുതി എന്ന പേരില്‍ വേറൊരു പതിനേഴു രൂപയും ചേര്‍ക്കുന്നു. അതായത് റസ്റ്ററന്റില്‍ നിന്നു 100 രൂപയ്ക്ക് ഭക്ഷണം കഴിക്കുന്നയാളില്‍ നിന്ന് അധികമായി 34 രൂപ ഈടാക്കുന്നു. മുന്‍പുണ്ടായിരുന്ന നികുതി എത്രയാണെന്നു ചോദിച്ചാല്‍ ഇപ്പോഴത്തെ നികുതി ഇതാണെന്നു റസ്റ്ററന്റുകളുടെ മറുപടി. കേന്ദ്ര നികുതിയും സംസ്ഥാന നികുതിയും ചേര്‍ത്ത് 100 രൂപയ്ക്ക് നേരത്തെ നല്‍കിയിരുന്ന ഹോട്ടലുകള്‍ ജിഎസ്ടി നടപ്പാക്കിയപ്പോള്‍ ആകെ തുകയോടൊപ്പം രണ്ടു നികുതിയും അധികമായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കി ഇരട്ടി ലാഭം കൊയ്യുകയാണ്.
റസ്റ്ററന്റുകളുടെ നികുതി എത്രയെന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. വില്‍പന നികുതി ഉദ്യോഗസ്ഥര്‍ തന്നെ പല തരത്തില്‍ നിര്‍ദേശം നല്‍കുകയും ഹോട്ടലുകാരും പൊതുജനവും അമിത നികുതിയില്‍ പ്രതിഷേധിക്കുകയും ചെയ്തതോടെ ഇന്നു മന്ത്രി തോമസ് ഐസക്ക് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു.
ഹോട്ടലുകളില്‍ 20 ലക്ഷം രൂപയ്ക്കു താഴെയാണു വാര്‍ഷിക വിറ്റു വരവെങ്കില്‍ നികുതി ഇല്ല. പക്ഷേ, ദിവസം 6000 രൂപയുടെ കച്ചവടം നടന്നാലും വര്‍ഷം 20 ലക്ഷത്തിലേറെ വിറ്റുവരവുണ്ടാകും. 20 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെ വിറ്റുവരവെങ്കില്‍ 5% നികുതി. പക്ഷേ, അവിടെയും എയര്‍ കണ്ടീഷനറുകള്‍ ഉണ്ടെങ്കില്‍ 18% നികുതിയാണ്. ദിവസം 27000 രൂപയുടെ വില്‍പന നടന്നാല്‍ പോലും വര്‍ഷം ഒരു കോടിയിലേറെ ആവുമെന്നതിനാല്‍ കേരളത്തിലെ ഭൂരിഭാഗം ഹോട്ടലുകളും 75 ലക്ഷത്തിലേറെ രൂപ വിറ്റുവരവുള്ള വിഭാഗത്തിലാണ്. ഇവയില്‍ എയര്‍ കണ്ടീഷനറുകള്‍ ഇല്ലാത്ത ഭാഗത്ത് 12% നികുതി. എസിക്ക് 18% നികുതി.
പക്ഷേ, ചില വില്‍പന നികുതി ഉദ്യോഗസ്ഥര്‍ എസി എവിടെ ഉണ്ടെങ്കിലും 18% ഈടാക്കാന്‍ നിര്‍ദേശിക്കുന്നു. പാഴ്‌സലിനു പോലും അങ്ങനെ 18% ഈടാക്കുന്നു. 150 രൂപയുണ്ടായിരുന്ന ചിക്കന്‍ ബിരിയാണിക്ക് പാഴ്‌സലിനും എസി, നോണ്‍ എസി വിഭാഗങ്ങളിലും 18% നികുതി അടക്കം 177 രൂപ നല്‍കേണ്ട സാഹചര്യമുണ്ട്. 27 രൂപ നികുതിയാണ്. യഥാര്‍ഥത്തില്‍ നോണ്‍ എസിക്കും പാഴ്‌സലിനും 12% നികുതി മാത്രമേ വരാന്‍ പാടുള്ളൂവെന്ന് മറ്റൊരു വിഭാഗം വില്‍പന നികുതി ഉദ്യോഗസ്ഥരും പറയുന്നുണ്ട്. എല്ലാറ്റിനും കൂടി ഒരു ബില്ലിങ് യന്ത്രം മാത്രമേ കാണുകയുള്ളൂ.
ദിവസം 27000 രൂപ വില്‍പന നടക്കുന്ന റസ്റ്ററന്റില്‍ 5000 രൂപ നികുതി നല്‍കേണ്ട സ്ഥിതിയില്‍ ഉപഭോക്താവില്‍ നിന്നു പിരിക്കാതെ എങ്ങനെ ബിസിനസ് നടത്തുമെന്ന് ഹോട്ടല്‍സ് ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ചോദിക്കുന്നു. ലാഭം നികുതി തുകയിലും കുറവായിരിക്കാം. ദിവസം 54000 രൂപ വില്‍പനയുള്ള റസ്റ്ററന്റില്‍ ദിവസം 10000 രൂപ നികുതി അടയ്‌ക്കേണ്ട സ്ഥിതിയാണ്. ഉപഭോക്താവില്‍ നിന്നു പിരിക്കാതെ ഹോട്ടലുടമ വിലയില്‍ ഈ തുക സഹിക്കണമെന്നു പറയുന്നത് അപ്രായോഗികമാണെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. |