|
ഷുഹൈബ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയ്ക്ക് സ്ഥാനചലനം. ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് സിവില്‍ കേസിലേക്കാണ് ജസ്റ്റിസ് കെമാല്‍ പാഷയെ മാറ്റിയിരിക്കുന്നത്. അതേസമയം ഇതില്‍ അസ്വഭാവികതയൊന്നുമില്ലെന്നും സ്വാഭാവികമായ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഹൈക്കോടതി വൃത്തങ്ങള്‍ പറയുന്നു. കെമാല്‍ പാഷയുള്‍പ്പെടെ 23 ജഡ്ജിമാര്‍ക്ക് സ്ഥാനമാറ്റമുണ്ടായിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. കെമാല്‍ പാഷയ്ക്ക് പകരം ജസ്റ്റിസ് എബ്രഹാം മാത്യുവായിരിക്കും ഇനി ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുക.
ഏപ്രിലില്‍ മധ്യവേനല്‍ അവധിക്കായി കോടതി അടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനമുണ്ടായിരിക്കുന്നത്. കോളിളക്കം സൃഷ്ടിച്ച ഷുഹൈബ് വധക്കേസില്‍ അന്വേഷണം സിബിഐയ്ക്ക് വിട്ട് ഉത്തരവിട്ടത് ജസ്റ്റിസ് കെമാല്‍ പാഷയായിരുന്നു. കൂടാതെ സീറോമലബാര്‍ സഭ ഭൂമി വിവാദത്തില്‍ കര്‍ദിനാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത് ഇദ്ദേഹം ഉള്‍പ്പെട്ട ബെഞ്ചായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനമാറ്റമുണ്ടായത്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് സ്ഥാനമാറ്റം സംബന്ധിച്ച ഉത്തരവിറക്കിയത്.
കഴിഞ്ഞ ദിവസം ജസ്റ്റിസ് കെമാല്‍ പാഷ നടത്തിയ വിധി സംബന്ധിച്ച വാര്‍ത്ത ചുവടെ:
ശുഹൈബ് വധകേസില്‍ നിലവിലെ പോലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈകോടതി. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും കോടതി പറഞ്ഞു. ഇതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ സാധിക്കുമോ എന്നാണ് ഹൈകോടതി നോക്കുന്നതെന്നും ജസ്റ്റിസ് കെമാല്‍പാഷ വ്യക്തമാക്കി. കണ്ണൂരിലെ മൂന്നു കേസുകളില്‍ കോടതി സി.ബി.ഐ അന്വേഷണം ഉത്തരവിട്ടിട്ടുണ്ടെന്നും അന്നൊന്നും കോടതിക്ക് കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന വിഷയം വന്നിട്ടില്ലെന്നും ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു. ഒരാള്‍ ചൂണ്ടിക്കാണിക്കുമ്പോഴാണ് അധികാരം ഉണ്ടോ എന്ന് സംശയം ഉണ്ടാകുന്നതെന്നും കോടതി ചോദിച്ചു വ്യക്തമാക്കി.
തുടര്‍ കൊലപാതകങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ പലരും കൈകഴുകി പോവുകയാണ്. നീതിപൂര്‍വമായ അന്വേഷണം സംസ്ഥാന പൊലീസിന് എങ്ങനെ നടത്താന്‍ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. കേസിലെ പ്രതികള്‍ക്ക് എന്നെങ്കിലും വ്യക്തി വൈരാഗ്യം ഷുഹൈബുമായി ഉണ്ടായിരുന്നോവെന്നും കോടി ചോദിച്ചു.
എന്നാല്‍ ശുഹൈബ് കേസ് ഹൈകോടതിക്ക് പരിഗണിക്കാന്‍ അധികാരമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, സമാനമായ നിരവധി കേസുകള്‍ കോടതി പരിഗണിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് കെമാല്‍പാഷ ചൂണ്ടിക്കാട്ടി. കൊലപാതക കേസിലെ ഗൂഢാലോചന തെളിയിക്കപ്പെടാതെ പോകുന്നത് ദൗര്‍ഭാഗ്യകരമാണന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ ഘട്ടത്തില്‍ അന്വേഷണത്തില്‍ ഇടപെടരുതെന്ന് സര്‍ക്കാര്‍ പറഞ്ഞു.
അതിനിടെ, ഷുഹൈബ് വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍. കോടതി പറഞ്ഞാല്‍ അന്വേഷണം ഏറ്റെടുക്കുമെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് ഡയറി അടക്കമുള്ള കാര്യങ്ങള്‍ സിബിഐക്ക് ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ല. കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും അറിയില്ലെന്നും സിബിഐ പറഞ്ഞു. |