|
കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനായി ഫുജുറ്റീവ് എക്കണോമിക് ഒഫന്‍ഡേഴ്‌സ് ഓര്‍ഡിനന്‍സ് 2018ന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നീരവ് മോഡി, മൊഹുല്‍ ചോക്‌സി, വിജയ് മല്യ തുടങ്ങിയ പ്രമുഖര്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
രാജ്യം വിട്ട ശേഷം വാറണ്ട് പുറപ്പെടുവിച്ചിട്ടും ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ തയ്യാറാകാത്തവര്‍ക്കും നൂറ് കോടി രൂപയ്ക്ക് മുകളില്‍ ബാങ്ക് വായ്പ അടവില്‍ വീഴ്ചയുള്ളവര്‍ക്കുമെതിരെ പുതിയ നിയമ പ്രകാരം നടപടി സ്വീകരിക്കുക. ഇത്തരക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാരിന് അവകാശമുണ്ടാകും. ഇത്തരക്കാരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്ത് വിചാരണ ചെയ്യാനും ഓര്‍ഡിനന്‍സ് ശിപാര്‍ശ ചെയ്യുന്നു.
തട്ടിപ്പ് നടത്തി മുങ്ങിയവരെ രാജ്യം വിട്ട വ്യക്തിയായി പ്രഖ്യാപിക്കാനുള്ള നടപടികളാണ് ആദ്യം അന്വേഷണ സംഘം സ്വീകരിക്കേണ്ടത്. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കണം. കോടതി ഈ അപേക്ഷ അംഗീകരിച്ചാല്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാം. ഇതോടൊപ്പം പിടിച്ചെടുക്കേണ്ട സ്വത്തു വകകളുടെ വിശദമായ വിവരങ്ങളും കോടതിയില്‍ നല്‍കണം. അന്വേഷണ സംഘത്തിന്റെ അപേക്ഷ ലഭിച്ചാല്‍ ആറാഴ്ചകയ്ക്കകം ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയക്കും. |