|
ഐ സി ഐ സി ഐ ബാങ്കില്‍ നടന്ന വായ്പ ക്രമക്കേടില്‍ ആരോപണം നേരിടുന്ന മാനേജിങ് ഡയറക്ടര്‍ ചന്ദ കൊച്ചറിനോട് ദീര്‍ഘ കാല അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ആരോപണങ്ങളുടെ നിജസ്ഥിതി അറിയാന്‍ ബാങ്ക് സ്വതന്ത്ര അന്വേഷണം ഏര്‍പെടുത്തിയ സാഹചര്യത്തിലാണ് ഇത്. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡാണ് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് പ്രമുഖ സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബോര്‍ഡിലെ ഏഴു സ്വതന്ത്ര അംഗങ്ങള്‍ ഈ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം ഉണ്ടായത്.
വീഡിയോകോണ്‍ ഗ്രൂപ്പിന് കോടികള്‍ വായ്പ അനുവദിച്ചതില്‍ ക്രമക്കേട് നടന്നതായാണ് ചന്ദ കൊച്ചറിനെതിരായ ആരോപണം. വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ദൂതും ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും തമ്മില്‍ ബിസിനസ് ബന്ധമുള്ളതാണ് ആരോപണങ്ങള്‍ക്ക് കാരണം.
എന്നാല്‍ ബാങ്ക് ഇക്കാര്യങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ' അവര്‍ ഇപ്പോള്‍ വാര്‍ഷിക അവധിയിലാണ്. അവര്‍ക്ക് പിന്‍ഗാമിയെ തേടുന്നതിന് സേര്‍ച്ച് കമ്മിറ്റിയെ നിയമിച്ചു എന്ന വാര്‍ത്തയും ശരിയല്ല ' സ്റ്റോക് എക്‌സ്‌ചേഞ്ചിന് നല്‍കിയ ഫയലിംഗില്‍ ബാങ്ക് പറയുന്നു. അതിനിടെ ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്ന ആഭ്യന്തര അന്വേഷണം അടുത്ത ആഴ്ച തുടങ്ങും. സുപ്രീം കോടതിയിലെ റിട്ടയേഡ് ജഡ്ജി നേതൃത്വം നല്‍കുന്ന അന്വേഷണം രണ്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് പരിപാടി. |