|
ഫോക്‌സ്‌വാഗണ്‍ 2020നകം ഇന്ത്യയില്‍ 100 കോടി യൂറോയുടെ [8000 കോടി രൂപ] വികസന പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതിന് പുറമെ, എഞ്ചിനുകളുടെ നിര്‍മ്മാണവും ഇന്ത്യയില്‍ നടത്തും. വോക്‌സ്‌വാഗണു വേണ്ടി സ്‌കോഡ കമ്പനിയാണ് വികസന പദ്ധതിയുടെ നേതൃത്വം വഹിക്കുക. പുത്തന്‍ എസ് യു വി ഇതിന്റെ ഭാഗമായി പുറത്തിറക്കും.
പൂനയില്‍ ആരംഭിക്കുന്ന പുതിയ പ്ലാന്റില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗവും ആരംഭിക്കും.വോക്‌സ്‌വാഗനും സ്‌കോഡയും സംയുക്തമായി ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ അഞ്ചു ശതമാനം കൈയടക്കുന്നതിനും ഇത് വഴി ലക്ഷ്യമിടുന്നു.
പുതിയ പ്ലാന്റിലേക്ക് ആവശ്യമായ സ്‌പെയറുകളുടെ 90 ശതമാനവും ഇന്ത്യയില്‍ നിന്ന് വാങ്ങുമെന്ന് വോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് സി ഇ ഒ ബെര്‍ണാഡ് മേയര്‍ പറഞ്ഞു. 'ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ കൊണ്ടും തൊഴിലാളികളെ കൊണ്ടുമാണ് ഞങ്ങള്‍ കാര്‍ നിര്‍മിക്കുക, പൂര്‍ണമായും ഇന്ത്യന്‍ മാര്‍ക്കറ്റ് ലക്ഷ്യം വച്ചുകൊണ്ടായിരിക്കും പുതിയ നിക്ഷേപം' – അദ്ദേഹം നയം വ്യക്തമാക്കി. 2020 ല്‍ എസ് യു വി വിപണിയില്‍ എത്തും. മറ്റു പുതിയ മോഡലുകള്‍ 2021 നു ശേഷവും അവതരിപ്പിക്കും. പെട്രോള്‍ ഇന്ധനമാകുന്ന വാഹനങ്ങളായിരിക്കും വിപണിയില്‍ ഇറക്കുക. |