|
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനുമായ മുകേഷ് അംബാനി കഴിഞ്ഞ പന്ത്രണ്ട് മാസമായി ഷോപ്പിങ്ങിന്റെ തിരക്കിലായിരുന്നു. വാങ്ങികൂട്ടിയത്ഷര്‍ട്ടും പാന്റുമൊന്നുമായിരുന്നില്ല എന്ന് മാത്രം. വാങ്ങിയത് അത്രയും കമ്പനികളായിരുന്നു. 12 മാസത്തിനിടയില്‍ വാങ്ങിയത് വിവിധ രാജ്യങ്ങളിലായി 12 പ്രമുഖ കമ്പനികള്‍. ജെഫ്രിസ് ഗ്രൂപ്പിന്റെയും ബ്ലൂംബെര്‍ഗിന്റെയും കണക്കുകള്‍ പ്രകാരം ഇതിനായി 28,900 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതില്‍ പത്ത് കമ്പനികള്‍ കണ്‍സ്യൂമര്‍ ബിസിനസ് രംഗത്തുള്ള കമ്പനികളാണ്. കടബാധ്യതയിലായ മൂന്ന് ഇന്ത്യന്‍ കമ്പനികളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
ബുധനാഴ്ചയായിരുന്നു റിലയന്‍സ് ഇന്ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗം മുംബയില്‍ ചേര്‍ന്നത്. ഇന്ത്യയിലെ 1100 പട്ടണങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ബ്രോഡ് ബാന്‍ഡ് കണക്ടിവിറ്റി ആരംഭിക്കുമെന്ന് മുകേഷ് അംബാനി യോഗത്തില്‍ പ്രഖ്യാപിച്ചു. ടെലികോം, മീഡിയ, റീറ്റെയ്ല്‍ എന്നീ രംഗങ്ങളിലാണ് അംബാനിയുടെ കണ്ണ്. പെട്രോ കെമിക്കല്‍ പോലെ ലാഭം ചുരത്തുന്ന സെക്ടറുകളായി ഇവയെ മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
2019 മാര്‍ച്ച് 31 നകം 130 കോടി ഡോളറിന്റെ ഏറ്റെടുക്കല്‍ നടത്താനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. സ്‌പെക്ട്രം, മൊബൈല്‍ ടവറുകള്‍, ഫൈബര്‍ കണെക്ടിവിറ്റി എന്നിവ അനുജന്‍ അനില്‍ അംബാനിയില്‍ നിന്ന് വാങ്ങുന്നതിനു 17,300 കോടി മുടക്കുന്നതിനു പുറമെയാണ് ഇത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിവിധ മേഖലകളിലായി 5300 കോടി ഡോളറിന്റെ മുതല്‍മുടക്ക് കമ്പനി നടത്തി. ഇതില്‍ 3600 കോടിയും ടെലികോം മേഖലയിലായിരുന്നു. 3200 കോടി ഡോളര്‍ കടബാധ്യതയും റിലയന്‍സിനുണ്ട്. |