|
പത്താമത് കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടനം സെപ്റ്റംബര്‍ 27 ന് വൈകുന്നേരം 6 മണിക്ക് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലബാര്‍ ടൂറിസമാണ് ഇത്തവണത്തെ പ്രമേയം.
കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നാണ് കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് ട്രാവല്‍ മാര്‍ട്ട്. ബിസിനസ് മീറ്റുകള്‍ വെല്ലിംഗ് ടണ്‍ ഐലന്റിലെ സമുദ്രിക, സാഗര കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ വെച്ച് നടത്തും.
പത്താമത് കേരള ട്രാവല്‍ മാര്‍ട്ടില്‍ റെക്കോഡ് പങ്കാളിത്തമാണ് ഉണ്ടാവുക. ഇതിനകം 73 രാജ്യങ്ങളില്‍ നിന്നായി 972 സ്ഥാപനങ്ങളും 2,725 ഇന്ത്യന്‍ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലെ 320 ടൂറിസം സ്ഥാപനങ്ങള്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കും. പദ്ധതിയുടെ ഭാഗമായി ഒന്‍പതു ടൂറിസം കേന്ദ്രങ്ങളില്‍ ശാസ്ത്രീയ മാലിന്യസംസ്‌കരണ പദ്ധതി നടപ്പാക്കും. അഞ്ചുകോടി രൂപയാണ് ട്രാവല്‍ മാര്‍ട്ടിന് ചെലവു കണക്കാക്കുന്നത്. യൂറേഷ്യ ബ്യൂട്ടി ക്വീന്‍ യാനാ ഫിലിപ്പോവ കെടിഎമ്മിന്റെ ഗുഡ്‌വില്‍ അംബാസഡറാകും.
'ഈ വര്‍ഷം പ്രവര്‍ത്തന സജ്ജമാകുന്ന കണ്ണൂര്‍ വിമാനത്താവളം മലബാറിലെ ടൂറിസത്തിന് കരുത്താകും. മലബാറിലെ ഒന്‍പത് നദികളെ ഉള്‍പ്പെടുത്തിയുള്ള മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി ആരംഭിച്ചു കഴിഞ്ഞു. 53.5 കോടി രൂപ ഇതിനായി ആദ്യ ഘട്ടത്തില്‍ അനുവദിച്ചിട്ടുണ്ട്.' മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
മന്ത്രിയെ കൂടാതെ കെ.ടി.എം പ്രസിഡന്റ് ബേബി മാത്യു സോമതീരം, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ ബാലകൃഷ്ണന്‍ ഐ.എ.എസ്, ഐയാടോ സീനിയര്‍ വൈസ് പ്രസിഡന്റ് ഇ.എം. നജീബ്, കെ.ടി.എം മുന്‍ പ്രസിഡന്റ് അബ്രഹാം ജോര്‍ജ് എന്നിവരും പങ്കെടുത്തു |