|
നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച ഇന്ത്യന്‍ നിയമവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഓണ്‍ലൈന്‍ ഭീമന്‍മാരായ ആമസോണിനും ഫഌപ്കാര്‍ട്ടിനും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. എന്‍.ജി.ഒ സ്ഥാപനമായ ടെലികോം വാച്ച് ഡോഗ് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
ഇന്ത്യയില്‍ കാലങ്ങളായി ചെറുകിട വില്‍പ്പനക്കാര്‍ പരമ്പരാഗത രീതിയില്‍ ചെയ്തു വരുന്ന ബിസിനസിനെ തകര്‍ക്കുന്ന തരത്തില്‍ ഡീലര്‍മാരില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങി വില കുറച്ച് വിറ്റ് മാര്‍ക്കറ്റ് പിടിക്കുകയാണ് ആമസോണും, ഫഌപ്കാര്‍ട്ടും ചെയ്യുന്നത്. ഇത് എഫ്.ഡി.ഐ നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് ഹരി ശങ്കര്‍ എന്നിവരുടെ ബെഞ്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നവംബര്‍ 11 ന് മുന്‍പായി വിശദീകരണം നല്‍കണമെന്നും, അല്ലാത്ത പക്ഷം ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന് കീഴില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
ആമസോണ്‍, ഫഌപ്കാര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്ലാറ്റ്‌ഫോം വഴി വില്‍ക്കുന്ന ഉത്പന്നങ്ങളില്‍ ഉടമസ്ഥതയ്‌ക്കോ, ഉത്പന്നങ്ങളുടെ വിലയില്‍ പ്രത്യക്ഷമായോ, പരോക്ഷമായോ സ്വാധീനിക്കാനോ അവകാശമില്ലെന്ന് ഇകൊമേഴ്‌സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള പ്രസ് നോട്ട്3 യില്‍ വ്യക്തമാക്കുന്നുണ്ട്. അതു പോലെ തന്നെ ബിസിനസ് ടു ബിസിനസ് ഇകൊമേഴ്‌സില്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുള്ളത്.
എന്നാല്‍ ഇപ്പോള്‍ ആമസോണും, ഫഌപ്കാര്‍ട്ടും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പല സൗകര്യങ്ങളും ഓഫറുകളും ബിസിനസ് ടു കസ്റ്റമര്‍ വിഭാഗത്തിലുള്ളതാണെന്നും, ഇത് എഫ്.ഡി.ഐ നിയമത്തിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇരുകൂട്ടര്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്. |