|
റിപ്പോ നിരക്കിൽ വീണ്ടും വർധന വരുത്തി റിസർവ് ബാങ്കിന്റെ മോനിറ്ററി പോളിസി കമ്മറ്റി [എം പി സി ] . നിരക്ക് 0 .25 ശതമാനം ഉയർത്തി 6 .50 ശതമാനമാക്കി. റിവേഴ്‌സ് റിപോ നിരക്ക് ഇതേ തോതിൽ ഉയർത്തി 6 .25 ശതമാനമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കുകളിൽ വർധന വരുത്തുന്നത്. ജൂൺ ആറിന് നിരക്കുകളിൽ 0 .25 ശതമാനം വർധന വരുത്തിയിരുന്നു.
നിരക്ക് വർധന വരുത്തില്ലെന്നും കൂട്ടുമെന്നും രണ്ടഭിപ്രായം സാമ്പത്തിക കേന്ദ്രങ്ങളിൽ ശക്തമായി ഉണ്ടായിരുന്നു. എന്നാൽ പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുക എന്നതിനാണ് റിസർവ് ബാങ്ക് ഊന്നൽ നൽകിയത്. മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ജൂണിൽ 5 .77 ശതമാനമായി ഉയർന്നിരുന്നു. ചില്ലറ വില്പന വിലയെ അടിസ്ഥാനമാക്കിയുള്ള നിരക്ക് അഞ്ചു ശതമാനമായും ഉയർന്നിരുന്നു. മെയിൽ ഇത് 4 .87 ശതമാനമായിരുന്നു.
ജൂണിലെ നിരക്ക് 4 .9 ശതമാനത്തിൽ കൂടാതെ നിർത്താൻ സാധിക്കുമെന്നാണ് ആർ ബി ഐ പ്രതീക്ഷിച്ചിരുന്നത്. ഈ സാഹചര്യമാണ് പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് പലിശ ഉയർത്താൻ എം പി സി തീരുമാനിച്ചത്. ഇതനുസരിച്ച് ബാങ്കുകളിൽ വായ്പകളുടെ പലിശ നിരക്കുകൾ ഉയരും എന്നത് ഉറപ്പായിട്ടുണ്ട്.
ഇന്ന് മുംബൈയിലാണ് ആർ ബി ഐ ഗവർണർ ഊർജിത് പട്ടേൽ നയം പ്രഖ്യാപിച്ചത്. |