|
സംസ്ഥാനത്തെ ആരോഗ്യചികിത്സാ രംഗത്ത് കുതിച്ച് ചാട്ടത്തിന് കാരണമാകുമെന്ന് കരുതിയ പദ്ധതിയായ എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) സ്ഥാപിക്കുന്ന കാര്യത്തില്‍ മലക്കംമറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ ലോക്‌സഭയില്‍ പറഞ്ഞതോടെയാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷകള്‍ ഏറെകുറെ അസ്തമിക്കുകയാണ് വ്യക്തമായത്. ശശി തരൂര്‍ എം പിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ജെ പി നഡ്ഡ ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ എയിംസ് മോഹം സംസ്ഥാനത്തിന് അന്യമായി മാറുമോയെന്ന സംശയത്തിലാണ് കേരള ജനത.
നേരത്തെ കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നതായി സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചിരുന്നു. കേന്ദ്രമന്ത്രി നഡ്ഡയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ശൈലജ ഇത് പറഞ്ഞത്. ഇതിന് ഘടകവിരുദ്ധമായിട്ടാണ് ലോക്‌സഭയില്‍ നഡ്ഡ മറുപടി നല്‍കിയിരിക്കുന്നത്. |