|
ഹിന്ദു ദിനപത്രത്തിനെതിരെ അനില്‍ അംബാനിയുടെ റിലയന്‍സ് നോട്ടീസ് അയച്ചു. ദ് ഹിന്ദുവിന്റെ എഡിറ്റര്‍ മുകുന്ദ് പത്മനാഭനും, പ്രസാദകന്‍ എന്‍ രവിയ്ക്കുമെതിരെയാണ് നോട്ടീസ് അയച്ചത്. റഫേല്‍ ഇടപാടുമായിബന്ധപ്പെട്ട തുടര്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നാവാശ്യപ്പെട്ടാണ് നോട്ടീസ്.
വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍, ഉഹാപോഹങ്ങള്‍, കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ള വാര്‍ത്തകള്‍ എന്നിവയാണ് റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതെന്ന് ഓഗസ്റ്റ് രണ്ടിന് ദ് ഹിന്ദുവിനയച്ച നോട്ടീസില്‍ റിലയന്‍സ് ആരോപിച്ചു.
അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ്, റിലയന്‍സ് ഏറോസ്ട്രക്ചര്‍ ലിമിറ്റഡ് എന്നീ കമ്പനികളാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ദേശസുരക്ഷയുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങള്‍ വസ്തുതകള്‍ പരിശോധിക്കാതെ കൈകാര്യം ചെയ്യുമ്പോള്‍ അത് മാധ്യമ ധര്‍മ്മത്തിന് എതിരാണ് എന്നും റിലയന്‍സ് അയച്ച നോട്ടീസില്‍ കുറ്റപ്പെടുത്തി. ഹിന്ദു ദിനപത്രം കമ്പനികള്‍ക്കെതിരെ അപകീര്‍ത്തിപ്പെടുന്ന ക്യാംപെയിന്‍ നടത്തുകയാണെന്നും റിലയന്‍സ് ആരോപിച്ചു. ഇത്തരം വാര്‍ത്തകളിലൂടെ കമ്പനിയുടെ സല്‍പ്പേരിന് കോട്ടം തട്ടുമെന്നും റിലയന്‍സ് നോട്ടീസില്‍ കുറ്റപ്പെടുത്തി. |