|
കൊല്‍ക്കത്തയില്‍ നടക്കുന്ന ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച് പുതിയ ലോഗോ ബ്രിട്ടാനിയ പ്രകാശിപ്പിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വരുന്ന ഒരു വര്‍ഷത്തിനുളളില്‍ 50 പുതിയ ഉത്പന്നങ്ങളാണ് കമ്പനി പുതിയതായി വിപണിയിലിറക്കാനിരിക്കുന്നത്.
ഉത്പന്ന നിര വിപുലീകരിക്കാനും വിപണി സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുമായി ബ്രിട്ടാനിയ രാജ്യത്ത് 500 കോടി രൂപ നിക്ഷേപമിറക്കുമെന്ന് കമ്പനി ചെയര്‍മാന്‍ നുസ്‌ലി എന്‍ വാഡിയ പ്രഖ്യാപനം നടത്തി.
പുതിയ ഉത്പന്ന വികസനം, അടുത്ത വര്‍ഷം നടപ്പാക്കേണ്ട കമ്പനി വികസനം തുടങ്ങിയവ ലക്ഷ്യമിട്ടാണ് ബ്രിട്ടാനിയ നിക്ഷേപമിറക്കുന്നത്. 300 കോടി ചെലവിട്ട് ഡയറി പ്ലാന്‍റ് നിര്‍മ്മിക്കും.
നൂറ് വര്‍ഷം പിന്നിടുന്ന ബ്രിട്ടാനിയയുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
ബിസ്കറ്റ് എന്നാല്‍ ബ്രിട്ടാനിയ എന്നൊരു കാലമുണ്ടായിരുന്നു. സായാഹ്ന ചര്‍ച്ചകളിലും, ആഘോഷ വേളകളിലും ചെറിയ സ്റ്റീല്‍ ഗ്ലാസിലെ ചുടു ചായയ്ക്കൊപ്പം വെച്ചു നല്‍കിയിരുന്ന ബ്രിട്ടാനിയ ബിസ്കറ്റുകള്‍ ആര്‍ക്കാണ് മറക്കാന്‍ കഴിയുക ? ബര്‍ഗറിലും പിസയിലും തുടങ്ങി ഫാസ്റ്റ് ഫുഡുകള്‍ ഇന്ന് നമ്മുടെ ടീ-ടൈമുകളില്‍ പതിവ് ഭക്ഷണങ്ങളാകുമ്പോഴും, ഗൃഹാതുരുത്വം ഉണര്‍ത്തുന്ന ബിസ്കറ്റ് സംസ്കാരത്തിന്‍റെ പ്രതീകമായി ബ്രിട്ടാനിയ ഒരു നൂറ്റാണ്ട് പിന്നിടുന്നുവെന്നത് ചെറിയ കാര്യമല്ല.
ആ ബിസ്കറ്റ് ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഏവരും അത്ഭുതപ്പെടുക തന്നെ ചെയ്യും. 1892-ല്‍ കൊല്‍ക്കത്തയിലെ ഒരു ചെറിയ വീട്ടില്‍ 265 രൂപ മുതല്‍ മുടക്കില്‍ തുടങ്ങിയ ബിസ്കറ്റ് കമ്പനി ഇന്നത്തെ നിലയില്‍ എത്തുമെന്ന് ആരും കണക്കു കൂട്ടിയിരുന്നില്ല.
രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധമുഖത്തുണ്ടായിരുന്ന പട്ടാളക്കാര്‍ക്ക് ബിസ്‌കറ്റെത്തിക്കുകയെന്ന താത്കാലിക ലക്ഷ്യത്തില്‍ തുടങ്ങിയ കമ്പനിയുടെ പിന്നീടുള്ള വളര്‍ച്ച പ്രവചനാതീതമായിരുന്നു. യുദ്ധം അവസാനിച്ചിട്ടും ഉത്പാദിപ്പിക്കുന്നതിന്റെ 95 ശതമാനം ബിസ്‌കറ്റുകളും സൈന്യത്തിന് തന്നെയായിരുന്നു ബ്രിട്ടാനിയ നല്‍കിയിരുന്നത്.
പിന്നീട് ഗുപ്ത സഹോദരങ്ങള്‍ക്ക് പ്രവര്‍ത്തന ചുമതല നല്‍കി വി.എസ് ബ്രദേഴ്‌സ് എന്ന വ്യവസായികള്‍ കമ്പനി ഏറ്റെടുത്തു. 1918- ല്‍ ബ്രീട്ടീഷുകാരനായ വ്യവസായി സി.എച്ച് ഹോംസ്, വി.എസ് ബ്രദേഴ്‌സുമായി ചേര്‍ന്നപ്പോഴാണ് കമ്പനിയ്ക്ക് ബ്രിട്ടാനിയ ബിസ്കറ്റ് കമ്പനി ലിമിറ്റഡ് എന്ന പേര് ലഭിക്കുന്നത്. 1921-ല്‍ ബിസ്കറ്റ് നിര്‍മ്മാണത്തിനാവശ്യമായ ഗ്യാസ് ഓവനുകള്‍ ഇറക്കുമതി ചെയ്തത് ബ്രിട്ടാനിയയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായി. 1924-ല്‍ ബ്രിട്ടീഷ് കമ്പനിയായ പീക്ക് ആന്‍റ് ഫ്രീന്‍സിന്‍റെ ഉപകമ്പനിയായി മാറി. എന്നാല്‍, 1978-ല്‍ പബ്ലിക്ക് ഇഷ്യൂ അവതരിപ്പിച്ചതോടെ കമ്പനിയില്‍ ഇന്ത്യന്‍ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം ഏതാണ്ട് അറുപത് ശതമാനത്തോളമായി. അങ്ങിനെ ബ്രിട്ടാനിയ ബിസ്കറ്റ് ഇന്ത്യക്കാരുടെ കൈകളിലെത്തുകയും 1979-ല്‍ കമ്പനിയുടെ പേര് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നാക്കി മാറ്റി. |