|
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒയും എം.ഡിയുമായ ചന്ദ കൊച്ചാറിനെതിരെ ശക്തമായ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ വെള്ളിയാഴ്ച അറിയിച്ചു.
ഐ.സി.ഐ.സി.ഐ ബാങ്ക്-വീഡിയോകോണ്‍ ഗ്രൂപ്പ് വായ്പാ കേസുമായി ബന്ധപ്പെട്ട് ഏജന്‍സി കര്‍ശനമായ നടപടിയും സ്വീകരിക്കില്ലെന്ന് ജസ്റ്റിസുമാരായ എസ്. കെ. കൗള്‍, ദിനേശ് മഹേശ്വരി, ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ചിനെയാണ് അറിയിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം നേരിടുന്ന ഭര്‍ത്താവ് ദീപക് കൊച്ചാറിനെ ജാമ്യത്തില്‍ വിട്ടുനല്‍കാന്‍ ചന്ദ കൊച്ചാര്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഉറപ്പ്. ഭര്‍ത്താവിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചന്ദ കൊച്ചാര്‍ ഹരജിയില്‍ പറഞ്ഞു.
ഐസിഐസിഐ ബാങ്ക് 1,875 കോടി രൂപ വായ്പ അനുവദിച്ചതിലെ ക്രമക്കേടുകളും അഴിമതിയും അന്വേഷിക്കുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പിലെ വേണുഗോപാല്‍ ധൂത്ത് എന്നിവര്‍ക്കെതിരേ കള്ളപ്പണം തടയല്‍ നിയമപ്രകാരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ സെപ്റ്റംബറിലാണ് ദീപക് കൊച്ചാറിനെ അറസ്റ്റ് ചെയ്തത്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളില്‍ ഒന്നിന്റെ മുന്‍ സി.ഇ.ഒയ്ക്കെതിരെ നടപടിയെടുക്കില്ലെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉറപ്പ് നല്‍കി.
ജാമ്യത്തിനായുള്ള ദീപക് കൊച്ചാറിന്റെ അപേക്ഷ നവംബര്‍ 23 ന് വിചാരണ കോടതിയില്‍ പരിഗണിക്കുമെന്നും നവംബര്‍ 27 ന് ചന്ദ കൊച്ചാറിന്റെ ഹര്‍ജി പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. |