|
നോക്കിയയുടെ പുതിയ ഫോണ്‍ Nokia 2.4 വിപണിയിലെത്തി. രണ്ടുദിവസത്തെ ബാറ്ററി ലൈഫാണ് നോക്കിയ ഉറപ്പുനല്‍കുന്നത്. രാജ്യത്തെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ ഇടംപിടിക്കാനാണ് നോക്കിയ 2.4ലിലൂടെ ലക്ഷ്യമിടുന്നത്. 3 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമായെത്തിയ നോക്കിയ 2.4യ്ക്ക് 10,399 രൂപയാണ് വില. ഡസ്‌ക്, ഫ്യോര്‍ഡ്, ചാര്‍ക്കോള്‍ എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ നോക്കിയ 2.4 വാങ്ങാം. ഇന്ന് മുതല്‍ ഡിസംബര്‍ 4 വരെ നോക്കിയ വെബ്സൈറ്റിലൂടെ (Nokia.com/phones) മാത്രമാണ് ഫോണിന്റെ വില്‍പന നടക്കുക.
ഡിസംബര്‍ 4 മുതല്‍ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവിടങ്ങളിലും തെരഞ്ഞെടുത്ത റീറ്റെയ്ല്‍ സ്റ്റോറുകളിലും നോക്കിയ 2.4 ലഭിക്കും. ജെയിംസ് ബോണ്ട് സിനിമകളുമായുള്ള സഹകരണത്തിന്റെ ഭാഗമായി 007 സ്‌പെഷ്യല്‍ എഡിഷന്‍ ബോട്ടില്‍, ക്യാപ്, മെറ്റല്‍ കീചെയ്ന്‍ എന്നിവ നോക്കിയ വെബ്സൈറ്റ് വഴി 2.4 ബുക്ക് ചെയ്യുന്ന ആദ്യ 100 പേര്‍ക്ക് ഒരുക്കിയിട്ടുണ്ട്. 3550 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങളും ജിയോ ഉപഭോക്താക്കള്‍ക്ക് തയാറാക്കിയിട്ടുണ്ട്. 349 പ്രീപെയ്ഡ് റീചാര്‍ജില്‍ 2000 രൂപ വരെ ക്യാഷ്ബാക്ക്, 1550 വൗച്ചറുകള്‍ എന്നീ ഓഫറുകളാണ് ജിയോ ഉപഭോക്താക്കള്‍ക്ക് സ്‌പെഷ്യലായി ലഭിക്കുക. നിലവിലെ ജിയോ ഉപഭോക്താക്കള്‍ക്കും പുതുതായി ജിയോ സിം വാങ്ങുന്നവര്‍ക്കും ഈ ഓഫര്‍ ബാധകമാണ്.
ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവര്‍ത്തനം. അടുത്ത രണ്ടുവര്‍ഷത്തേക്ക് ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍ നോക്കിയ 2.4ന് ലഭിക്കും. മാത്രമല്ല സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ 3 വര്‍ഷത്തേക്ക് ലഭിക്കും. 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് നോക്കിയ 2.4നുള്ളത്. 20:9 ആണ് ഡിസ്പ്ലേയുടെ ആസ്‌പെക്ട് റേഷ്യോ. 3 ജിബി റാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മീഡിയടെക്കിന്റെ ഹീലിയോ പി 22 ചിപ്സെറ്റിലാണ് സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 64 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 512ജിബി വരെയായി ഉയര്‍ത്താനും കഴിയും.
13 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും 2 മെഗാപിക്‌സല്‍ പോര്‍ട്രെയിറ്റ് ക്യാമറയും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ സംവിധാനമാണ് നോക്കിയ 2.4നുള്ളത്. മുന്‍വശത്ത് 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറായുമുണ്ട്. 4500mAh ബാറ്ററിയാണ് നോക്കിയ 2.4-ന്റെ പ്രധാന ആകര്‍ഷണം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ രണ്ട് ദിവസം വരെ പ്രവര്‍ത്തിക്കാനാവുമെന്നാണ് നിര്‍മാതാക്കളുടെ വാദം. 4G എല്‍ടിഇ കണക്ടിവിയുള്ള നോക്കിയ 2.4ന് പുറകില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുമുണ്ട്. 189 ഗ്രാമാണ് ഫോണിന്റെ ഭാരം. |