|
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സര്‍ക്കാരിന്റെ പുതിയ വേതന നിയമപ്രകാരം കമ്പനികള്‍ ശമ്പള പാക്കേജുകള്‍ പുന സംഘടിപ്പിക്കും. ഇത് പ്രകാരം ടേക്ക് ഹോം സാലറി കുറയുമെന്നാണ് വിലയിരുത്തല്‍.
2019 ലെ വേതനപരിഷ്‌കരണ നിയമ പ്രകാരം കോമ്പന്‍സേഷന്‍ റൂളില്‍ മാറ്റമുണ്ട്. ഈ നിയമ മാറ്റങ്ങള്‍ അടുത്ത ഏപ്രില്‍ മുതലുള്ള സാമ്പത്തിക വര്‍ഷം പ്രാബല്യത്തില്‍ വരാന്‍ സാധ്യതയുണ്ട്. പുതിയ നിയമങ്ങള്‍ അനുസരിച്ച് മൊത്തം ശമ്പളത്തിന്റെ പകുതിയില്‍ അധികമായി അലവന്‍സ് നല്‍കരുത് എന്ന് ചട്ടത്തില്‍ പറയുന്നു. അതായത് അടിസ്ഥാന ശമ്പളം മൊത്തം തുകയുടെ പകുതിയാകുമെന്ന് ചുരുക്കം.
അതുകൊണ്ടുതന്നെ ശമ്പളത്തിന്റെ ഭാഗമായുള്ള അടിസ്ഥാന ശമ്പളം എന്ന വിഭാഗത്തില്‍ തുക വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇത് കാരണം ആനുപാതികമായി ഗ്രാറ്റുവിറ്റിയും പ്രൊവിഡന്റ് ഫണ്ട് വിഹിതവും വര്‍ധിപ്പിക്കേണ്ടിയും വരും. അതോടെ കൈയ്യില്‍ കിട്ടുന്ന ശമ്പളം കുറയും.
അതേസമയം കമ്പനി ജോലിക്കാര്‍ക്ക് വിരമിക്കുന്ന കാലത്ത് ഇത് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ അലവന്‍സ് വിഭാഗം ഉയര്‍ത്തുകയും അലവന്‍സ് ഇതര വിഭാഗം 50 ശതമാനത്തില്‍ താഴെ നിര്‍ത്തുകയാണ് മിക്ക കമ്പനികളും ചെയ്യുന്നത്. എന്നാല്‍ പുതിയ നിയമം നടപ്പാക്കുന്നതോടെ ഈ രീതി മാറ്റേണ്ടി വരും. |