|
നൂറുകണക്കിന് ഉപയോക്താക്കളെ ബാധിച്ചു കൊണ്ട് തിങ്കളാഴ്ച വൈകുന്നേരം ഗൂഗിള്‍ സേവനങ്ങള്‍ പെട്ടെന്ന് പ്രവര്‍ത്തനരഹിതമായി. ജിമെയില്‍, ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ്, ഗൂഗിള്‍ മാപ്‌സ് എന്നിവ പ്രവര്‍ത്തനരഹിതമായ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.
സേവനങ്ങളുടെ ഔട്ടേജ് (പ്രവര്‍ത്തനരഹിതമാകല്‍) നേരത്തെ സംഭവിച്ചിട്ടുള്ളതിനേക്കാള്‍ തീവ്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വെബ് ഔട്ടേജുകള്‍ ട്രാക്കുചെയ്യുന്ന വെബ്സൈറ്റായ ഡൗണ്‍ഡെറ്റെക്ടര്‍ ലോകമെമ്പാടുമുള്ള 20,000 ഔട്ടേജ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
യൂട്യൂബ്, ജിമെയില്‍ എന്നിവയെയാണ് പ്രവര്‍ത്തനരഹിതമാകല്‍ ആഗോളതലത്തില്‍ കൂടുതലായി ബാധിച്ചിരിക്കുന്നത്, ആഴ്ചയിലെ ആദ്യ ദിവസം തന്നെ ഇത്തരത്തില്‍ സേവനങ്ങള്‍ നിലച്ചതിനെ ചൊല്ലി ട്വീറ്റുകളുടെ പ്രവാഹമാണ് നിലവില്‍ ഉണ്ടായി കൊണ്ടിരിക്കുന്നത്.
അതേസമയം ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായുള്ള ഗൂഗിളിന്റെ ട്രാക്കര്‍ അപ്ഡേറ്റു ചെയ്തിട്ടില്ല. ജിമെയില്‍, യൂട്യൂബ് പോലുള്ള എല്ലാ ഗൂഗിള്‍ സേവനങ്ങളും പ്രവര്‍ത്തനരഹിതമായിട്ടും, ഗൂഗിള്‍ സേവനങ്ങള്‍ക്കായുള്ള സ്റ്റാറ്റസ് പേജില്‍ ഒരു തകരാറും കാണിക്കുന്നില്ല. അതില്‍ ഒരു പച്ച ഡോട്ട് ആണ് ഇപ്പോള്‍ കാണിക്കുന്നത്, അതിനര്‍ത്ഥം സേവനങ്ങള്‍ തത്സമയമാണെന്നും പ്രതീക്ഷിച്ച പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ്. ഒരുപക്ഷെ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ ഗൂഗിള്‍ സെര്‍വറുകള്‍ കുറച്ച് സമയമെടുത്തേക്കും. ചില ആളുകള്‍ക്ക്, ഗൂഗിള്‍ സെര്‍ച്ച് ലഭിക്കുന്നുണ്ട് എന്നാല്‍ ചില ഉപയോക്താക്കള്‍ക്ക് അതുപോലും ലഭിക്കുന്നില്ല. |