|
ശബരിമല സ്വാമി പ്രസാദം തപാല്‍ മുഖേന ഭക്തര്‍ക്ക് വീടുകളില്‍ എത്തിച്ച് നല്‍കുന്ന പദ്ധതി വന്‍വിജയത്തിലേക്ക്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഭാരതീയ തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തപാല്‍ വഴി പ്രസാദ വിതരണം ആരംഭിച്ചത്. ഈ മണ്ഡലകാലത്ത് ഇതുവരെ 1,10,88,900 രൂപായാണ് പ്രസാദ വിതരണത്തിലൂടെ ലഭിച്ചത്. ഇതില്‍ 61,60,500 രൂപാ ദേവസ്വം ബോര്‍ഡിനും 49,28,400 രൂപാ തപാല്‍ വകുപ്പിനും ലഭിച്ചു. 24,642 പ്രസാദ കിറ്റുകള്‍ ഇത്തരത്തില്‍ വിതരണം ചെയ്തു കഴിഞ്ഞു.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഭക്തര്‍ക്ക് പ്രസാദം എത്തിച്ച് നല്‍കണമെന്ന ഉദ്ദേശ്യത്തോടെ തപാല്‍ മുഖേന പ്രസാദ കിറ്റ് വിതരണം ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി, അര്‍ച്ചന പ്രസാദം എന്നിവയാണ് പ്രസാദ കിറ്റിലുള്ളത്.
ആദ്യം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കേട് വരാന്‍ സാധ്യതയുള്ളതിനാല്‍ കിറ്റില്‍ നിന്നും അപ്പം ഒഴിവാക്കി. പോസ്റ്റ് ഓഫീസ് മുഖേന ബുക്ക് ചെയ്യുന്നവര്‍ക്ക് അരവണ പ്രസാദം സ്പീഡ് പോസ്റ്റിലൂടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പോസ്റ്റ്മാന്‍ വീടുകളിലെത്തിച്ച് നല്‍കും. പോസ്റ്റ് ഓഫീസുകളില്‍ പണമടച്ചാണ് അരവണ പ്രസാദം ബുക്ക് ചെയ്യേണ്ടത്. ഇതിനായി പ്രത്യേക അപേക്ഷാ ഫോം രാജ്യമെമ്പാടുമുള്ള പോസ്റ്റ് ഓഫീസുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
450 രൂപായാണ് ബുക്കിംഗ് ചാര്‍ജ്. ഇതില്‍ 250 രൂപയാണ് അരവണ നിര്‍മിച്ച് കൈമാറുന്ന ദേവസ്വം ബോര്‍ഡിന് ലഭിക്കുക. പാഴ്‌സല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇനങ്ങളില്‍ 200 രൂപ തപാല്‍ വകുപ്പിനാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബുക്കിംഗിന്റെ വിശദാംശങ്ങള്‍ പമ്പ ത്രിവേണിയിലെ പോസ്റ്റ് ഓഫീസിലാണ് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നിന്നും ഇ-മെയില്‍ വഴി സന്നിധാനത്തെ ദേവസ്വം ഓഫീസിലേക്ക് ഓര്‍ഡര്‍ നല്‍കും. |