|
രാജ്യത്ത് വാഹന വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറെടുക്കുന്നു, 2021 ജനുവരി മുതല്‍ വില വര്‍ദ്ധന കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. ഇരു ചക്ര- നാലു ചക്ര വാഹനങ്ങള്‍ക്കെല്ലാം വില വര്‍ദ്ധനയുണ്ടാകും. കോവിഡ് ലോക്ക്‌ഡൌണിനുശേഷം വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടിയതോടെയാണ് വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറെടുക്കുന്നത്.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡ്, ഹോണ്ട മോട്ടോര്‍ കമ്പനി, മഹീന്ദ്ര, മഹീന്ദ്ര ലിമിറ്റഡ് (എം ആന്‍ഡ് എം) എന്നിവ ജനുവരി മുതല്‍ വാഹന വില വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയാണ് ഈ കമ്പനികള്‍ വാഹന വില കൂട്ടാന്‍ തയ്യാറെടുക്കുന്നത്.
ഈ വര്‍ഷത്തെ ദീപാവലിക്കു ശേഷം വാഹന ആവശ്യകതയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് വ്യാപനം പരിഗണിച്ച് ഇടത്തരക്കാര്‍ സ്വന്തമായി വാഹനം വേണമെന്ന തീരുമാനത്തിലേക്ക് എത്തിയതോടെയാണ് ഈ സാഹചര്യം ഉണ്ടായത്. ഇതോടെ ആവശ്യകതയ്ക്ക് അനുസൃതമായി വാഹനങ്ങള്‍ നിര്‍മ്മിച്ചു പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ ബുദ്ധിമുട്ടി. ഒട്ടുമിക്ക വാഹനങ്ങള്‍ക്കും ബുക്ക് ചെയ്താല്‍ ഒരു മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
വാണിജ്യ വാഹനങ്ങള്‍, പാസഞ്ചര്‍ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയുടെ വില കൂടുമെന്നാണ് സൂചന. ഇവയ്ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ വില 15 ശതമാനം വരെ കുത്തനെ ഉയര്‍ന്നു. ഭാരത് സ്റ്റേജ് ആറ് (ബിഎസ് ആറ്) എമിഷന്‍ മാനദണ്ഡങ്ങളിലേക്ക് വാഹനങ്ങള്‍ 2020 ഏപ്രില്‍ 1 മുതല്‍ മാറിയതോടെ നിര്‍മ്മാണ ചെലവിലും വര്‍ദ്ധനവുണ്ടായി. |