|
മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ പരിശീലന രംഗത്തെ വമ്പന്മാരായ ആകാശ് എജ്യുക്കേഷനല്‍ സര്‍വീസസിനെ ഏറ്റെടുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംരംഭമായ ബൈജൂസ്. മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസുമായി 100 കോടി ഡോളറിന്റെ (ഏകദേശം 7300 കോടി രൂപ) കരാര്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം.
ആകാശിന്റെ ഉടമകളായ ചൗധരി ഗ്രൂപ്പ് പൂര്‍ണമായി പിന്‍വാങ്ങിയ ശേഷം ഇവരുടെ പങ്കാളികളായ ബ്ലാക്‌സ്റ്റോണ്‍ 37.5 ശതമാനം ഓഹരി ബൈജൂസില്‍ നിക്ഷേപിക്കും വിധമാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. രാജ്യത്താകമാനം ഇരുന്നൂറിലധികം പരിശീലന കേന്ദ്രങ്ങളാണ് ആകാശിനുള്ളത്.
നേരത്തെ വലിയ തുക മുടക്കി വമ്പന്‍ സ്ഥാപനങ്ങളെ ബൈജൂസ് ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ മുംബൈ ആസ്ഥാനമായ കോഡിങ് സ്ഥാപനമായ വൈറ്റ്ഹാറ്റ് ജൂനിയറിനെ ഏകദേശം 2246 കോടി രൂപ മുടക്കി ബൈജൂസ് ഏറ്റെടുത്തിരുന്നു. ആഗോള സാങ്കേതികവിദ്യാ നിക്ഷേപ കമ്പനിയായ സില്‍വര്‍ ലെയ്കില്‍ നിന്ന് 3689 കോടി രൂപയുടെ നിക്ഷേപവും സമാഹരിച്ചു. ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് (സിഇസഡ്‌ഐ), യുഎസ് ആസ്ഥാനമായ ട്യൂട്ടര്‍ വിസ്ത, എജ്യുറൈറ്റ് എന്നീ ഓണ്‍ലൈന്‍ ട്യൂഷന്‍ ബ്രാന്‍ഡുകള്‍ തുടങ്ങി ഒട്ടേറെ രാജ്യാന്തര നിക്ഷേപങ്ങളാണ് ഇതുവരെ ബൈജൂസിനെ തേടിയെത്തിയത്. |