|
പതിനൊന്നാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. പുതുക്കിയ ക്ഷാമബത്ത 2019 ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തോടെ നടപ്പാക്കും. കമ്മീഷന്‍ ശുപാര്‍ശ ചെയ്ത അലവന്‍സുകള്‍ക്ക് 2021 മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും.
ആരോഗ്യമേഖലയില്‍ മാത്രം കമ്മീഷന്‍ പ്രത്യേകമായി ശുപാര്‍ശ ചെയ്ത സ്‌കെയില്‍ അനുവദിക്കും. ഇതര മേഖലകളില്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സ്‌കെയിലുകള്‍, കാരിയര്‍ അഡ്വാന്‍സ്മെന്റ് സ്‌കീം മുതലായവ സംബന്ധിച്ച് സെക്രട്ടറിതല സമിതിയുടെ പരിശോധനയ്ക്ക് ശേഷം വിശദമായ ഉത്തരവ് പുറപ്പെടുവിക്കും. ഈ വിഷയങ്ങള്‍ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുന്നതിന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കും ഈ സമിതിയുടെ കണ്‍വീനര്‍. പെന്‍ഷന്‍ പുതുക്കുന്നത് സംബന്ധിച്ച തീരുമാനം ധനകാര്യവകുപ്പിന്റെ വിശദമായ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം എടുക്കും.
ഈ മാസം അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും സര്‍ക്കാര്‍ നീട്ടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ആറ് മാസത്തേക്ക് ആണ് കാലാവധി നീട്ടിയത്. സി-ഡിറ്റിലെ 115 താല്‍ക്കാലിക, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തും. പല പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ നിന്നും നാമമാത്രമായ നിയമനം മാത്രമാണ് നടന്നതെന്ന് പരാതിയുണ്ടായിരുന്നു. റാങ്ക് ഹോള്‍ഡേഴ്സ് പലയിടങ്ങളിലും പ്രതിഷേധവുമായി രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ആഗസ്ത് 31 വരെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത്.
സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗം റേഷന്‍ കാര്‍ഡുകാര്‍ക്ക് 2021 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം വീതം അരി കിലോഗ്രാമിന് 15 രൂപ നിരക്കില്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മാണം സംബന്ധിച്ച ആര്‍ബിട്രേഷനു വേണ്ടി റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫിനെ കേരള സര്‍ക്കാരിനെ പ്രതിനിധാനം ചെയ്യുന്ന ആര്‍ബിട്രേറ്ററായി നിയമിക്കാന്‍ തീരുമാനിച്ചു. |